2023 ക്രിക്കറ്റ് കലണ്ടര്‍ അവസാനത്തിലേക്കെത്തിയിരിക്കുകയാണ്. ഇനി കേവലം രണ്ട് മത്സരങ്ങള്‍ മാത്രമാണ് 2023ല്‍ ബാക്കിയുള്ളത്. ബംഗ്ലാദേശിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം ടി-20യും അഫാഗാനിസ്ഥാന്‍ – യു.എ.ഇ പരമ്പരയിലെ രണ്ടാം ടി-20യുമാണ് 2023ല്‍ ഇനി ശേഷിക്കുന്നത്.
പല ടീമുകളെയും താരങ്ങളെയും സംബന്ധിച്ച് 2023 മികച്ച വര്‍ഷമായിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ അഫിഗാനിസ്ഥാനും ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഉഗാണ്ടയും (2024 ടി-20 ലോകകപ്പ്) 2023ലെ സര്‍പ്രൈസുകളില്‍ മുമ്പില്‍ നിന്നു. പ്രതാപകാലത്തെ അനുസ്മരിപ്പിച്ച പ്രകടനവുമായി ഓസീസും ഈ വര്‍ഷം തിളങ്ങി.
വ്യക്തിഗത പ്രകടനങ്ങളെടുക്കുമ്പോള്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിരാട് കോഹ്‌ലിയുടെ പേര് തന്നെയാണ്. നിരവധി റെക്കോഡുകളാണ് വിരാട് 2023ല്‍ കുറിച്ചത്. കിരീട നേട്ടങ്ങളില്ല എന്നത് പ്രധാന കളങ്കമായി തുടരുന്നുണ്ടെങ്കിലും വിരാട് കുറിച്ച ഐതിഹാസിക നേട്ടങ്ങള്‍ കാണാതെ പോകാന്‍ സാധിക്കില്ല.
ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരമായാണ് വിരാട് റെക്കോഡിട്ടിരിക്കുന്നത്. 66.06 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2,048 റണ്‍സാണ് വിരാട് ഈ വര്‍ഷം നേടിയത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെയും റെഡ് ബോള്‍ ഫോര്‍മാറ്റിലെയും കമ്പൈന്‍ഡ് ആവറേജാണിത്.
ഈ വര്‍ഷം 35 മത്സരങ്ങളില്‍ നിന്നും 36 ഇന്നിങ്‌സുകള്‍ കളിച്ച വിരാട് എട്ട് സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ശുഭ്മന്‍ ഗില്ലിന് പുറകിലാണെങ്കിലും ശരാശരിയുടെ കണക്കില്‍ വിരാട് ബഹുദൂരം മുമ്പിലാണ്.
2023ലെ ഏറ്റവും മികച്ച ശരാശരി
(താരം – രാജ്യം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 36 – 2,048 – 66.06
മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 30 – 1,312 – 62.47
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 20 – 1,115 – 61.94
ഷായ് ഹോപ് – വെസ്റ്റ് ഇന്‍ഡീസ് – 24 – 1,013 -59.58
ഈ വര്‍ഷം വിരാട് ടി-20 മത്സരങ്ങളൊന്നും തന്നെ കളിച്ചിരുന്നില്ല. എട്ട് ടെസ്റ്റിലെ 12 ഇന്നിങ്‌സില്‍ നിന്നും 671 റണ്‍സാണ് വിരാട് നേടിയത്. 55.91 എന്ന ശരാശരിയാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വിരാടിന്റെ പേരിലുള്ളത്.
ഏകദിനത്തല്‍ ഇത് വിരാടിന്റെ മാത്രം വര്‍ഷമായിരുന്നു. 27 മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്നും 72.47 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് വിരാട് റണ്‍സടിച്ചുകൂട്ടിയത്. 1,377 റണ്‍സാണ് ഈ വര്‍ഷം ഏകദിനത്തില്‍ വിരാടിന്റെ സമ്പാദ്യം.
ഇതിന് പുറമെ ഏറ്റവുമധികം തവണ ഒരു കലണ്ടര്‍ ഇയറില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡും വിരാട് നേടിയിരുന്നു. ഏഴാം തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ആറ് തവണ ഈ നേട്ടം കൈവരിച്ച കുമാര്‍ സംഗക്കാരയെ മറികടന്നാണ് വിരാട് ഈ റെക്കോഡ് സ്വന്തമാക്കിയത്.
Content Highlight: Virat Kohli has highest average in 2023