മെല്‍ബണില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി വിരാട് കോഹ്‌ലി, വൈറലായി വീഡിയോ; സംഭവിച്ചതെന്ത്?
Sports News
മെല്‍ബണില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി വിരാട് കോഹ്‌ലി, വൈറലായി വീഡിയോ; സംഭവിച്ചതെന്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th December 2024, 4:53 pm

മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഓസ്‌ട്രേലിയന്‍ മാധ്യമമായ സെവന്‍ ന്യൂസ് മെല്‍ബണ്‍ റിപ്പോര്‍ട്ടറോട് കയര്‍ത്ത് വിരാട് കോഹ്‌ലി. അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ചാണ് വിരാട് വനിതാ മാധ്യമപ്രവര്‍ത്തകയടക്കമുള്ളവരോട് തട്ടിക്കയറിയത്.

വിഡീയോ ചിത്രീകരിക്കാന്‍ ശ്രമിച്ച ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരോട് കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണെന്നും അനുവാദമില്ലാതെ വിഡീയോ ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് വിരാട് ദേഷ്യപ്പെട്ട് സംസാരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്.

റിപ്പോര്‍ട്ടറുടെ അടുത്തേക്ക് പോയി വിരാട് അരിശത്തോടെ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പങ്കാളി അനുഷ്‌ക ശര്‍മയ്ക്കും മകള്‍ക്കുമൊപ്പമാണ് വിരാട് മെല്‍ബണിലെത്തിയത്.

എന്നാല്‍ വിരാടിന്റെ ചിത്രം പകര്‍ത്തനല്ല തങ്ങള്‍ മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയത് എന്നാണ് ചാനല്‍ 7 അവകാശപ്പെടുന്നത്. ഓസ്ട്രേലിയന്‍ പേസര്‍ സ്‌കോട് ബോളണ്ടിന്റെ അഭിമുഖം എടുക്കാനെത്തിയ ചാനല്‍ പ്രവര്‍ത്തകയോട് ആണ് വിരാട് ദേഷ്യപ്പെട്ടതെന്നും ഇത് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമങ്ങളോട് സംസാരിച്ച് ബോളണ്ട് മടങ്ങാനൊരുങ്ങുമ്പോഴാണ് വിരാട് അവിടെയെത്തിയത്. ഈ സമയം ക്യാമറകള്‍ തനിക്കുനേരെ തിരിഞ്ഞപ്പോള്‍ വിരാട് ദേഷ്യപ്പെടുകയായിരുന്നുവെന്നും ചാനല്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ നിയമമനുസരിച്ച് സെലിബ്രിറ്റികളുടെ ചിത്രങ്ങളെടുക്കുന്നതിനും വീഡിയോ പകര്‍ത്തുന്നതിനും നിയന്ത്രണങ്ങളില്ലെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പം തുടരുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് പെര്‍ത്തില്‍ ഇന്ത്യയെ നയിച്ചത്.

എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ഇന്ത്യയും കൂറ്റന്‍ പരാജയം നേരിട്ടു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.

രണ്ട് ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാകുമ്പോള്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട അവസാന ടെസ്റ്റിന് സിഡ്‌നിയും വേദിയാകും.

 

Content Highlight: Virat Kohli  has been involved in heated argument at Melbourne Airport