കൊല്‍ക്കത്ത: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ താരങ്ങളായ ദിനേഷ് കാര്‍ത്തിക്കിനും അജിങ്ക്യാ രഹാനെയ്ക്കും പുതിയ ഉത്തരവാദിത്വങ്ങളാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. നായകന്മാരുടെ ചുമതലയില്‍ രണ്ടു ഇന്ത്യന്‍ താരങ്ങളുടെയും ഐ.പി.എല്‍ കരിയര്‍ എങ്ങിനെയായിരിക്കുമെന്നാണ് ആരാധകരും സഹതാരങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നത്.
ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലാണ് ദിനേഷ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്തന്‍ നായകനായുള്ള ഐ.പി.എല്‍ അരങ്ങേറ്റം. നിദാഹസ് ട്രോഫിയില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയതിലൂടെ സൂപ്പര്‍താര പരിവേഷത്തിലെത്തിച്ചേര്‍ന്ന കാര്‍ത്തിക്കിന്റെ നായകവേഷത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെയും ബാംഗ്ലൂരിന്റെയും നായകനായ വിരാട് കോഹ്‌ലി.
കാര്‍ത്തിക്കിനെ പുതിയ ചുമതലയില്‍ കാണുന്നതില്‍ സന്തോഷമുണ്ടെന്നാണ് കോഹ്‌ലി പറയുന്നത്. “അവനെ ഈ ചുമതലയില്‍ കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. എനിക്കുറപ്പാണ് കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന്.” കോഹ്‌ലി പറഞ്ഞു.
നേരത്തെ നായകന്റെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്ന് കാര്‍ത്തിക്കും പറഞ്ഞിരുന്നു. റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ സഹനായകന്‍. അതേസമയം കൊല്‍ക്കത്തയില്‍ നടക്കുന്ന ബാംഗ്ലൂര്‍ കൊല്‍ക്കത്ത മത്സരത്തില്‍ ആദ്യം ബാറ്റുചെയ്യുന്ന ബാംഗ്ലൂര്‍ 8.4 ഓവറില്‍ 64 നു 2 എന്ന നിലയിലാണ്. എബി ഡി വില്ല്യേഴ്‌സും വിരാടും കോഹ്‌ലിയുമാണ് ക്രീസില്‍.
27 പന്തില്‍ നിന്നു 42 റണ്ണെടുത്ത ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെയും 4 പന്തില്‍ നിന്നു 4 റണ്ണെടുത്ത ക്വിന്റണ്‍ ഡീ കോക്കിന്റെയും വിക്കറ്റുകളാണ് ബാംഗ്ലൂരിനു നഷ്ടമായത്.