ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി. നേരത്തെ നടന്ന ടി-20 പരമ്പരയില്‍ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഏകദിന പരമ്പരയും വിജയിക്കാനുള്ള ഒരുക്കത്തിലാണ്.
ഈ പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് നേടാനുള്ള റെക്കോഡുകളുടെ എണ്ണമെടുക്കുന്ന തിരക്കിലാണ് ആരാധകര്‍. മോശം ഫോമില്‍ പെട്ട് നട്ടംതിരിയുന്ന വിരാട് ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഈ റെക്കോഡുകള്‍ മാത്രമല്ല, ഒരുപക്ഷേ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.
ഇംഗ്ലണ്ട് – ഇന്ത്യ ഏകദിന പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യത്തേത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് ഈ റെക്കോഡ് പട്ടികയില്‍ വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ളത്.
36 ഇന്നിങ്‌സില്‍ നിന്നും 1,340 റണ്‍സുമായി വിരാട് കോഹ്‌ലി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 1,546 റണ്‍സാണ് ഒന്നാമതുള്ള ധോണിയുടെ പേരിലുള്ളത്. 207 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ വിരാടിന് ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാം.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – ഇന്ത്യ – 44 – 1,546
യുവരാജ് സിങ് – ഇന്ത്യ – 36 – 1,523
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 37 – 1,455
വിരാട് കോഹ്‌ലി – ഇന്ത്യ – 36 – 1,340
സുരേഷ് റെയ്‌ന – ഇന്ത്യ – 32 – 1,207
ഇയാന്‍ ബെല്‍ – ഇംഗ്ലണ്ട് – 32 – 1,163
ഇതിനേക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയാല്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡും വിരാടിന്റെ മുമ്പിലുണ്ട്.
1,632 റണ്‍സുമായി സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍.
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 1,632
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 1,625
സര്‍ വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 1,619
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 1,598
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 1,562
എം.എസ്. ധോണി – ഇന്ത്യ – 1,546
യുവരാജ് സിങ് – ഇന്ത്യ – 1,523
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 1,455
മൈക്കല്‍ ക്ലാര്‍ക് – ഓസ്‌ട്രേലിയ – 1,430
റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 1,424
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 1,354
വിരാട് കോഹ്‌ലി – ഇന്ത്യ – 1,340
ഈ പരമ്പരയില്‍ സ്വന്തം കരിയര്‍ തന്നെ തിരുത്തിക്കുറിച്ച് ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരവും വിരാടിന് മുമ്പിലുണ്ട്. ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.
ക്രിക്കറ്റ് ചരിത്രത്തില്‍ വെറും രണ്ട് താരങ്ങള്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിച്ച നേട്ടമാണിത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (18,426), കുമാര്‍ സംഗക്കാര (14,234) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് 14,000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. 94 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ വിരാടിന് ഈ ചരിത്ര ലിസ്റ്റില്‍ ഇടം നേടാം.
Content Highlight: Virat Kohli gunning for several records in India vs England ODI Series