മൂന്ന് വര്‍ഷം, മൂന്ന് ഏപ്രില്‍ 23, മൂന്ന് ഗോള്‍ഡന്‍ ഡക്ക്; ഇത്രേം വൃത്തികെട്ട ദിവസം വിരാടിന്റെ കരിയറില്‍ കാണില്ല
IPL
മൂന്ന് വര്‍ഷം, മൂന്ന് ഏപ്രില്‍ 23, മൂന്ന് ഗോള്‍ഡന്‍ ഡക്ക്; ഇത്രേം വൃത്തികെട്ട ദിവസം വിരാടിന്റെ കരിയറില്‍ കാണില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 5:46 pm

ഐ.പി.എല്‍ 2023ലെ 32ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആര്‍.സി.ബി ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

മത്സരത്തിന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്തായിരുന്നു. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് വിരാട് മടങ്ങിയത്.

ഏപ്രില്‍ 23ന് നടന്ന മത്സരത്തില്‍ വിരാട് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ വിരാടിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മോശം ദിവസമായി ഏപ്രില്‍ 23 മാറിയിരിക്കുകയാണ്. 2017 മുതലിങ്ങോട്ട് മൂന്ന് തവണയാണ് ഏപ്രില്‍ 23ല്‍ വിരാട് കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്നത്. ഇതില്‍ രണ്ട് തവണയും ആര്‍.സി.ബി തോല്‍ക്കുകയും ചെയ്തിരുന്നു.

2017 ഏപ്രില്‍ 23നാണ് വിരാട് കോഹ്‌ലി ഗോള്‍ഡന്‍ ഡക്ക് സ്ട്രീക്കിന് തുടക്കമിട്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നഥാന്‍ കൂള്‍ട്ടര്‍ നൈലിന്റെ പന്തില്‍ മനീഷ് പാണ്ഡേക്ക് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

ഈ മത്സരം വിരാട് മാത്രമല്ല, റോയല്‍ ചലഞ്ചേഴ്‌സ് ടീം പോലും മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. കെ.കെ.ആര്‍ ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബി വെറും 49 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഇതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഏപ്രില്‍ 23 വീണ്ടും വിരാടിനെ ചതിച്ചത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മാര്‍ക്കോ യാന്‍സെന്റെ പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

 

വിരാട് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ആ മത്സരത്തിലും മൂന്നക്കം കടക്കാന്‍ ആര്‍.സി.ബിക്ക് സാധിച്ചില്ല. 16.1 ഓവറില്‍ 68 റണ്‍സാണ് ആര്‍.സി.ബി നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്.ആര്‍.എച്ച് 12 ഓവറും ഒമ്പത് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

– 0 (1) vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഏപ്രില്‍ 23, 2017

– 0 (1) vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഏപ്രില്‍ 23, 2022

– 0 (1) vs രാജസ്ഥാന്‍ റോയല്‍സ് – ഏപ്രില്‍ 23, 2023, എന്നിങ്ങനെയാണ് വിരാടിന്റെ ഗോള്‍ഡന്‍ ഡക്കിന്റെ കണക്കുകള്‍ നീളുന്നത്.

വിരാടിന്റെ കരിയറിലെ ഏഴാം ഗോള്‍ഡന്‍ ഡക്കാണ് ചിന്നസ്വാമിയില്‍ പിറന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്ന രണ്ടാമത് താരം എന്ന മോശം റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. പത്ത് തവണ ഗോള്‍ഡന്‍ ഡക്കായ റാഷിദ് ഖാന് പിന്നാലെ രണ്ടാം സ്ഥാനത്താണ് വിരാട് കോഹ്‌ലി.

 

 

Content highlight: Virat Kohli got out for zero on April 23 for the third time