| Wednesday, 18th April 2018, 9:20 am

സഞ്ജു സാംസണിന്റെ തലയില്‍ നിന്നും ഓറഞ്ച് ക്യാപ്പ് വാങ്ങി കോഹ്‌ലി; തിരിച്ചു പിടിക്കാന്‍ സഞ്ജു വീണ്ടും ഇന്നിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്‌സ്മാനുള്ള ഓറഞ്ച് ക്യാപ്പ് സഞ്ജു സാംസണിന്റെ തലയില്‍ നിന്നും ബംഗലൂരു നായകന്‍ വിരാട് കോഹ്‌ലിയുടെ തലയിലായി. മുംബൈക്കെതിരെ പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറി പ്രകടനത്തോടെയാണ് ബംഗലൂരു നായകന്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. നാലു കളികളില്‍ 201 റണ്‍സാണ് ഇപ്പോള്‍ കോഹ്‌ലിയുടെ പേരിലുള്ളത്. മൂന്ന് കളികളില്‍ 178 റണ്‍സുള്ള സഞ്ജു രണ്ടാമതാണ്. 153 റണ്‍സുള്ള കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് മൂന്നാം സ്ഥാനത്ത്. ബംഗലൂരുവിനെതിരെ സഞ്ജു നടത്തിയ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിനെ ഓറഞ്ച് ക്യാപ്പിനര്‍ഹനാക്കിയത്.

എന്നാല്‍ ഇന്ന് രാജസ്ഥാനും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഓറഞ്ച് ക്യാപ്പ് തിരികെപ്പിടിക്കാന്‍ സഞ്ചുവിനും റസലിനും അവസരമുണ്ട്. കൊല്‍ക്കത്തക്കെതിരെ 24 റണ്‍സെടുത്താല്‍ ഓറഞ്ച് ക്യാപ്പ് വീണ്ടും സഞ്ജുവിന്റെ തലയിലാകും. ജയ്പ്പൂരില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ശക്തരായ എതിരാളികളെ കീഴടക്കിയതിന്റെ ആവേശത്തിലാണ് രണ്ട് ടീമുകളും ഗ്രൗണ്ടിലിറങ്ങുന്നത്.

അതേസമയം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ബംഗലൂരുവിന്റെ ക്രിസ് വോക്‌സില്‍ നിന്ന് മുംബൈയുടെ യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കണ്ഡെ സ്വന്തമാക്കി. നാലു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റാണ് മര്‍ക്കണ്ഡെയുടെ സമ്പാദ്യം. എട്ടു വിക്കറ്റുള്ള ക്രിസ് വോക്‌സും ഏഴ് വിക്കറ്റുള്ള സുനില്‍ നരെയ്‌നുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

അതേസമയം ബംഗലൂരുവിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത രാജസ്ഥാനും ഡല്‍ഹിയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കെട്ടുകെട്ടിച്ച കൊല്‍ക്കത്തയും ലക്ഷ്യമിടുന്നത് സീസണിലെ മൂന്നാം ജയമാണ്. എന്നാല്‍ നാലാമങ്കത്തിന് ഇറങ്ങുന്ന രാജസ്ഥാനേക്കാള്‍, ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട് കൊല്‍ക്കത്ത. രണ്ട് കരിബീയന്‍ താരങ്ങളാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലും, സ്പിന്നര്‍ സുനില്‍ നരെയ്‌നും. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തളയ്ക്കാനുള്ള നിയോഗം നരേയെനില്‍ തന്നെ എത്താനാണ് സാധ്യത.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more