ബംഗലൂരു: ” ഞാന്‍ ഐ.പി.എല്ലില്‍ ഓപ്പണറായി ബാറ്റ് ചെയ്തിട്ടുണ്ട്. നാല് സെഞ്ച്വറികളും അടിച്ചിട്ടുണ്ട്. അന്നൊന്നും ആരും ഒന്നും ചോദിച്ചില്ല. ഇന്ന് റണ്‍സില്ലാതെ വന്നതോടെ പ്രശ്‌നമായി “. ഇംഗ്ലണ്ടിനെതിരെ ഓപ്പണിംഗ് ഇറങ്ങി തിളങ്ങാതെ പോയതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താരത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ എല്ലാ സംശയങ്ങളുടേയും വായടപ്പിക്കുന്നതായിരുന്നു മറുപടി.
ബംഗലൂരു ട്വന്റി-20 യില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. അന്ന് ആളുകള്‍ കയ്യടിച്ച് അഭിനന്ദിച്ചു. ഇന്ന് രണ്ട് മത്സരത്തില്‍ റണ്‍സെടുക്കാതെ വന്നപ്പോള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയാണ് എല്ലാവരും. എല്ലാം നിങ്ങള്‍ തന്നെ ചെയ്താലെങ്ങനെ? ടീമില്‍ വേറേയും താരങ്ങളില്ലേ? എന്നൊക്കെ ചോദിക്കുന്നവരുണ്ടെന്നും വിരാട് പറഞ്ഞു.
ഓപ്പണറായി മൂന്ന് മത്സരങ്ങളിലും ഇറങ്ങിയ വിരാടിന്റെ ആകെ സമ്പാദ്യം 52 റണ്‍സാണ്. അനാവശ്യ വിവാദങ്ങളിലേക്ക് പോകാതെ ടീമിന്റെ വിജയത്തില്‍ സന്തോഷിക്കാന്‍ പറഞ്ഞ നായകന്‍ വിജയ ശില്‍പ്പികളായ യുസവേന്ദ്ര ചാഹലിനേയും ധോണിയേയും റെയ്‌നയേയും അഭിനന്ദിക്കാനും മറന്നില്ല. ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ കുട്ടിക്രിക്കറ്റിലും ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റച്ച് സമ്പൂര്‍ണ്ണ വിജയം നേടുകയായിരുന്നു.