ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് പുറമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും സ്ഥാനം പിടിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഓസീസ് തന്നെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ടീമിന്റെ എതിരാളികൾ.
ബോർഡർ-ഗവാസ്ക്കർ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും എളുപ്പത്തിൽ വിജയിച്ച ഇന്ത്യൻ ടീം മൂന്നാം ടെസ്റ്റിൽ പരാജയവും നാലാം ടെസ്റ്റിൽ സമനിലയും ഏറ്റുവാങ്ങുകയായിരുന്നു.
എന്നിരുന്നാലും ലങ്കയെ തകർക്കാൻ ന്യൂസിലാൻഡിന് സാധിച്ചതോടെയാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ അവസരമൊരുങ്ങിയത്.
എന്നാലിപ്പോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ തങ്ങളുടെ എതിരാളികളായ ഓസീസിന് താക്കീത് നൽകിയിരിക്കുകയാണ് വിരാട്.
“ഞാൻ ഇപ്പോൾ വിശ്രമിക്കുകയാണ്. ഇനി ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാനുള്ള തയ്യാറെടുപ്പാണ് എന്റെ അടുത്ത ലക്ഷ്യം,’ വിരാട് പറഞ്ഞു.
ഓസീസിനെതിരെ നാലാം ടെസ്റ്റിൽ മിന്നും പ്രകടനമായിരുന്നു വിരാട് കാഴ്ചവെച്ചത്. മൂന്ന് വർഷത്തിന് ശേഷം ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം വിമർശകരുടെയാകമാനം വായടപ്പിക്കുകയും ചെയ്തു.
364 പന്തുകൾ നേരിട്ട വിരാട് 186 റൺസാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. 12 ബൗണ്ടറികളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്സ്.