ന്യൂദല്‍ഹി: ഐ.പി.എല്ലിലും ഇന്ത്യന്‍ ജഴ്‌സിയിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായാണ് ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നത്. ആരാധകരും മുന്‍താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഈ താരതമ്യത്തോട് യോജിച്ചും വിയോജിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴക്കുന്ന കാര്യമാണെന്നാണ് വിരാട് കോഹ്‌ലി പറയുന്നത്.
സച്ചിനെ ആരുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയായ കാര്യവുമല്ല. വ്യത്യസ്തമായ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. സച്ചിന്‍ 24 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ച താരമാണ്. ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമാകുന്നേയുള്ളു. ഞാന്‍ ക്രിക്കറ്റിന്റെ വഴിയിലൂടെ സഞ്ചരിച്ചത് സച്ചിന്റെ പ്രകടനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോഹ്‌ലി മനസ്സ് തുറന്നു.
കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഞാന്‍ എത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ഇത്തരമൊരു ഫോമിലേക്ക് എത്തിയത്. ജന്മനാ കഴിവുള്ള വ്യക്തിയാണ് സച്ചിന്‍. എന്നാല്‍ തനിക്ക് അങ്ങനെ കഴിവുകളൊന്നുമില്ല. കഠിനധ്വാനം ചെയ്താണ് ഞാന്‍ അത്തരം കഴിവുകളിലേക്ക് എത്തിയതെന്നും കോഹ്‌ലി പറഞ്ഞു.
പല സമയത്തും കളിക്കളത്തില്‍ എന്നെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴും ഞാന്‍ ദേഷ്യവും നിരാശയും പുറത്ത് കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വളരെ ശാന്തനാണ്. പക്ഷേ അക്രമണോത്സുകത വേണ്ട സമയത്ത് ഞാന്‍ അത് പുറത്തെടുക്കും കോഹ്‌ലി വ്യക്തമാക്കുന്നു .
ഓരോ മത്സരം കഴിയുമ്പോഴും ക്രിക്കറ്റിനെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. എനിക്ക് അറിയുന്ന കളി ഗ്രൗണ്ടില്‍ പുറത്തെടുക്കുന്നു. ഓരോ മത്സരവും കളിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെയാണ് സമര്‍പ്പിക്കുന്നത്. മികച്ച ഒരു വ്യക്തിയായി വളരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.