ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരമായ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഇത് നല്ല കാലമല്ല. ഫോം ഔട്ടും അതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളും താരത്തെ വല്ലാതെ വേട്ടയാടുന്നുണ്ട്.
കരിയറിലെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെയാണ് വിരാട് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ മാറണമെന്നാണ് ടീമിലെ ഓരോ അംഗവും ആഗ്രഹിക്കുന്നത്.
വിരാടിനെ ഏറ്റവുമധികം ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ ഫോര്‍മാറ്റ് നായകനായ രോഹിത് ശര്‍മയായിരുന്നു. താരത്തിന്റെ ടീമിലെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് അടക്കമുള്ളവര്‍ രംഗത്തുവന്നപ്പോള്‍ കപിലിനെയടക്കം വെല്ലുവിളിച്ചുകൊണ്ടായിരുന്നു രോഹിത് വിരാടിനെ പിന്തുണച്ചത്.
എന്നാല്‍ രോഹിത്തിന്റെ ഈ പിന്തുണയെ പോലും അവഗണിച്ചാണ് ബി.സി.സി.ഐ വിരാടിനെ ഒരിക്കല്‍ക്കൂടി ടീമില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടി-20 ടീമില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രേയസ് അയ്യര്‍ അടക്കം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും വിരാട് ടീമിലില്ലാത്തത് ആരാധകരെ ഏറെ നിരാശനാക്കുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്നുള്ള മത്സരങ്ങളിലും വിരാടിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് താരത്തെ വീണ്ടും അവഗണിച്ചിരിക്കുന്നത്.
പരിക്ക് കാരണമാണ് താരത്തിന് വീണ്ടും വിശ്രമം അനുവദിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പരിക്കാണോ വിരാടിനെ തഴയുകയാണോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി വിരാട് ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമല്ല. ഐ.പി.എല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. അതുകഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ താരം കളിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും താരത്തിന് റെസ്റ്റ് നല്‍കിയിരുന്നു. പിന്നീട് കളിച്ച രണ്ട് മത്സരത്തിലും വിരാട് വലിയ സ്‌കോര്‍ കണ്ടെത്തിയില്ല.
ഇതോടെയാണ് താരത്തെ മൂലക്കിരുത്താനുള്ള നടപടിയുമായി ബി.സി.സി.ഐ മുന്നോട്ട് പോവുന്നത്. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ വിരാടിനെ ഉള്‍പ്പെടുത്താതിരുന്നതോടെ ആരാധകരുടെ പ്രതിഷേധവും ശക്തമാവുകയാണ്.
വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍*, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷണോയ്, കുല്‍ദീപ് യാദവ്*, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്
(കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഫിറ്റ്നെസിന്റെ അടിസ്ഥാനത്തിലാവും പരിഗണിക്കുക)
Content Highlight: Virat Kohli Excluded From India’s West Indies Tour Squad