| Tuesday, 10th January 2023, 10:31 pm

സച്ചിന്‍ കളിച്ചത് 160 മത്സരങ്ങള്‍, വിരാട് 99; കിങ് കോഹ്‌ലിയുടെ ഈ റെക്കോഡിന്റെ തട്ട് താണ് തന്നെയിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്ക് കുതിക്കുകയാണ് വിരാട് കോഹ്‌ലി. ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ 73ാം സെഞ്ച്വറിയാണ് താരം കുറിച്ചത്.

ഏകദിനത്തിലെ വിരാടിന്റെ 45ാം സെഞ്ച്വറിയാണിത്. ഇന്ത്യന്‍ മണ്ണില്‍ വെച്ച് നടന്ന ഏകദിന മത്സരങ്ങളില്‍ നിന്നും വിരാട് നേടുന്ന ഇരുപതാം സെഞ്ച്വറി കൂടിയാണിത്. 87 ബോളുകളില്‍ നിന്നും 113 റണ്‍സ് നേടിയാണ് ത കോഹ്‌ലി ഈ ഇന്നിങ്‌സിലും കത്തിക്കയറിയത്.

ഈ നേട്ടത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ റെക്കോഡുകളുടെ കളിക്കൂട്ടുകാരനായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കൊപ്പമാണ് വിരാട് കസേര വലിച്ചിട്ടത്.

160 മത്സരങ്ങളില്‍ നിന്നുമാണ് സച്ചിന്‍ ഇന്ത്യന്‍ മണ്ണില്‍ 20 ഏകദിന സെഞ്ച്വറികള്‍ തികച്ചതെങ്കില്‍ കിങ് കോഹ്‌ലിക്ക് ആ നമ്പറിനൊപ്പമെത്താന്‍ വേണ്ടി വന്നത് 99 മത്സരങ്ങള്‍ മാത്രം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെയും തന്റെയും റെക്കോഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് മുന്നേറി വരുന്ന വിരാട് കോഹ് ലിക്ക് ഏറ്റവും മികച്ച ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സച്ചിന്‍. സെഞ്ച്വറി നേടിയ ശേഷമുള്ള കോഹ്‌ലിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സച്ചിന്റെ ട്വീറ്റ്.

ഇനിയും മികച്ച പ്രകടനം തുടര്‍ന്ന് ഇന്ത്യക്ക് കൂടുതല്‍ അഭിമാനകരമായ നിമിഷങ്ങള്‍ സമ്മാനിക്കണമെന്ന് സച്ചിന്‍ പറഞ്ഞു. ടീമിലെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതുപോലെ തന്നെ മികച്ച പ്രകടനവുമായി വിരാട് തുടരണം, ഇന്ത്യയുടെ പേരും പെരുമയും ഇനിയും തിളങ്ങണം. ടോപ് ഓര്‍ഡര്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്,’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏറെ കാലത്തെ സെഞ്ച്വറി വരള്‍ച്ചക്ക് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനത്തോടെ
വിരാട് കോഹ്‌ലി ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു മൂന്ന് വര്‍ഷത്തിന് ശേഷം വിരാടിന്റെ ബാറ്റില്‍ നിന്നും മൂന്നക്കം പിറന്നത്.

91 പന്തില്‍ നിന്നും 113 റണ്‍സായിരുന്നു അന്ന് വിരാട് സ്വന്തമാക്കിയത്. 11 ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെയായിരുന്നു വിരാട് സെഞ്ച്വറി റോയലാക്കിയത്. ഇപ്പോള്‍ ശ്രീലങ്കക്കെതിരെയുള്ള ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന വിരാട് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്ന ആവേശം ചെറുതല്ല.

വിരാടിന് മാത്രമല്ല, 2023 ലോകകപ്പ് അടുത്ത് വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന
ഓരോ ഏകദിന മത്സരങ്ങളും അത്രത്തോളം പ്രധാനമാണ്.

Content Highlight: Virat Kohli equals with Sachin in new ODI Century record with less matches

We use cookies to give you the best possible experience. Learn more