| Friday, 3rd December 2021, 8:11 pm

ടീമിലേക്ക് തിരിച്ചു വരണ്ടായിരുന്നു; നാണം കെട്ട റെക്കോഡുമായി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ പുറത്തിരുന്നതിന് ശേഷം ഏറെ പ്രതീക്ഷയോടെയായിരുന്നു വിരാട് കോഹ്‌ലി ടീമിലേക്ക് മടങ്ങിയെത്തിയത്. ടി-20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ, ആദ്യ ടെസ്റ്റില്‍ കോഹ്‌ലിക്ക് ടീം വിശ്രമം അനുവദിക്കുകയായിരുന്നു.

എന്നാല്‍ ടീമിലെത്തിയതിന് പിന്നാലെ ഒരു മോശം റെക്കോഡും താരത്തിനെ തേടി എത്തിയിരിക്കുകയാണ്. ഏറ്റവുമധികം തവണ ടെസ്റ്റ് ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് പുറത്തായ രണ്ടാമത് ബാറ്റര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

10 തവണയായാണ് ടെസ്റ്റ് നായകനായിരിക്കെ താരം സംപൂജ്യനായി മടങ്ങുന്നത്. ഇതോടെ 10 തവണ ഡക്കിന് പുറത്തായ ദക്ഷിണാഫ്രിക്കന്‍ സ്‌കിപ്പര്‍ ഗ്രെയം സ്മിത്തിന്റെ റെക്കോഡിനൊപ്പമാണ് താരം എത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അജാസ് പട്ടേലിന്റെ പന്തില്‍ വിരാട് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു. അംപയറിന്റെ തീരുമാനത്തിനെതിരെ താരം ഡി.ആര്‍.എസ് നല്‍കിയെങ്കിലും തേര്‍ഡ് അംപയറും ഔട്ട് വിധിക്കുകയായിരുന്നു. നേരിട്ട നാലാം പന്തിലായിരുന്നു താരത്തിന്റെ മടക്കം.

13 തവണ നായകനായിരിക്കെ പൂജ്യത്തിന് പുറത്തായ സ്റ്റീഫന്‍ ഫ്‌ളെമിംഗ് മാത്രമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്.

സ്റ്റീഫന്‍ ഫ്‌ളെമിംഗ് – 13
ഗ്രെയം സ്മിത്, വിരാട് കോഹ്‌ലി – 10
മൈക്ക് അതേര്‍ട്ടണ്‍, ഹന്‍സി ക്രോഞ്ചെ, എം.എസ്. ധോനി – 8 എന്നിവരാണ് നായകനായിരിക്കെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായിട്ടുള്ളത്. ഇക്കൂട്ടത്തില്‍ കളി തുടരുന്നത് കോഹ്‌ലി മാത്രമാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായവരുടെ പട്ടികയിലും രണ്ടാം സ്ഥാനക്കാരനാണ് വിരാട്.

ആറ് തവണയാണ് താരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പൂജ്യത്തിന് പുറത്തായത്. കോഹ്‌ലിക്ക് പുറമെ ആര്‍. ബേണ്‍സ്, ഷാനന്‍ ഗബ്രിയേല്‍, ഷഹീന്‍ അഫ്രിദി എന്നിവരും ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 9 തവണ പൂജ്യത്തിന് പുറത്തായ ജസ്പ്രീത് ബൂംറ മാത്രമാണ് ഇവര്‍ക്ക് മുന്‍പിലുള്ളത്.

ഇതിന് പുറമെ ചില മോശം റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ ഡക്ക് ആയ ക്യാപ്റ്റന്‍, നാലാമനായി ഇറങ്ങി ഏറ്റവുമധികം തവണ ഡക്കായ ഇന്ത്യന്‍ താരം തുടങ്ങിയ മോശം റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Virat Kohli equals the most embarrassing record in Test cricket

We use cookies to give you the best possible experience. Learn more