| Wednesday, 11th January 2023, 8:03 am

സെഞ്ച്വറി കണക്കില്‍ സച്ചിനൊപ്പമെത്തി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ മുമ്പിലെത്തിയിരുന്നു. ഒരു ടീം എന്ന നിലയില്‍ തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ മരതക ദ്വീപിന്റെ സിംഹങ്ങളെ തകര്‍ത്തുവിട്ടത്.

ഇന്ത്യന്‍ നിരയില്‍ ബാറ്റേന്തിയ എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 373ലെത്തി. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അടിത്തറയിട്ട ഇന്നിങ്‌സ് പിന്നാലെ വന്നവര്‍ കെട്ടിപ്പൊക്കി. രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ഹിറ്റ് മാനായപ്പോള്‍ ഗില്ലും കരുത്ത് കാട്ടി.

അര്‍ധ സെഞ്ച്വറി തികച്ച ഇരുവരും ചേര്‍ന്ന് 143 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. രോഹിത് ശര്‍മ 67 പന്തില്‍ നിന്നും 83 റണ്‍സും ഗില്‍ 60 പന്തില്‍ നിന്നും 70 റണ്‍സും നേടി പുറത്തായി.

വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലിയുടെ സംഹാരത്തിനായിരുന്നു അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. തന്റെ ചൈല്‍ഡ്ഹുഡ് കോച്ചിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വിന്റേജ് കോഹ്‌ലിയായിട്ടായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.

87 പന്തില്‍ നിന്നും 12 ബൗണ്ടറിയുടെയും ഒറ്റ സിക്‌സറിന്റെയും അകമ്പടിയോടെ സെഞ്ച്വറി തികച്ചാണ് വിരാട് കളം വാണത്. 2022ലെ തന്റെ അവസാന മത്സരത്തിലും 2023ലെ തന്റെ ആദ്യ മത്സരത്തിലും താരം സെഞ്ച്വറി തികച്ചിരുന്നു. രണ്ട് മത്സരത്തിലും 113 എന്ന സ്‌കോര്‍ തന്നെയായിരുന്നു വിരാട് സ്വന്തമാക്കിയത്.

തന്റെ കരിയറിലെ 73ാം സെഞ്ച്വറിയാണ് വിരാട് ബര്‍സാപരയില്‍ സ്വന്തമാക്കിയത്. ഏകദിനത്തിലെ 45ാം സെഞ്ച്വറിയാണിത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഇതിഹാസ താരം സച്ചിനൊപ്പം ഒരു റെക്കോഡ് നേട്ടം പങ്കിടാനും വിരാടിനായി. ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറിയുടെ എണ്ണത്തിലാണ് വിരാട് സച്ചിനൊപ്പമെത്തിയത്. എട്ട് സെഞ്ച്വറിയാണ് ഇരുവരും ലങ്കക്കെതിരെ സ്വന്തമാക്കിയത്.

സച്ചിന്റെ 49 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ റെക്കോഡിലേക്ക് ഒരു അടി കൂടി വെക്കാനും വിരാടിനായി. നാല് സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിനൊപ്പമെത്താനും ഒന്നധികം സ്വന്തമാക്കിയാല്‍ ലോക റെക്കോഡ് തന്നെ സ്വന്തമാക്കാനും വിരാടിന് സാധിക്കും.

വിരാടിന്റെയും മറ്റ് ബാറ്റര്‍മാരുടെയും വെടിക്കെട്ടില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടി. സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ ദാസുന്‍ ഷണകയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ജനുവരി 12ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content Highlight: Virat Kohli equals Sachin Tendulkar’s record of centaury against Sri Lanka

We use cookies to give you the best possible experience. Learn more