| Thursday, 26th December 2024, 12:25 pm

ഒരുവശത്ത് വിവാദം കൊഴുക്കുന്നു, മറുവശത്ത് ഇങ്ങേര്‍ റെക്കോഡ് നേട്ടം തുടരുന്നു; കരുത്ത് കാട്ടി വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ റെക്കോഡ് നേട്ടവുമായി വിരാട് കോഹ്‌ലി. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിലാണ് വിരാട് മറ്റൊരു റെക്കോഡും തന്റെ പേരിലേക്ക് എഴുതിച്ചേര്‍ത്തത്.

മത്സരത്തില്‍ സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെ പുറത്താക്കാന്‍ വിരാട് കൈപ്പിടിയിലൊതുക്കിയ ക്യാച്ചാണ് താരത്തെ തകര്‍പ്പന്‍ റെക്കോഡിലെത്തിച്ചത്. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ മിഡ് ഓഫിലെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് വിരാട് ലബുഷാന് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് വിരാട്. ഇതിഹാസ താരം മഹേല ജയവര്‍ധനെക്കൊപ്പമാണ് വിരാട് രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം ക്യാച്ച് സ്വന്തമാക്കുന്ന ഫീല്‍ഡര്‍

(താരം – ടീം – എതിരാളികള്‍ – ക്യാച്ച് എന്നീ ക്രമത്തില്‍)

സ്റ്റീവ് സ്മിത്ത്- ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 76

വിരാട് കോഹ്‌ലി – ഇന്ത്യ – ഓസ്‌ട്രേലിയ – 72*

മഹേല ജയവര്‍ധനെ – ശ്രീലങ്ക – ഇംഗ്ലണ്ട് – 72

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 71

ഈ ക്യാച്ചിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്റെ ക്യാച്ചിന്റെ എണ്ണം 120 ആയി ഉയര്‍ത്താനും വിരാടിനായി. ഏറ്റവുമധികം ടെസ്റ്റ് ക്യാച്ച് നേടുന്ന ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ് വിരാട്.

ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ച് കൈപ്പിടിയിലൊതുക്കുന്ന ഇന്ത്യന്‍ ഫീല്‍ഡര്‍

(താരം – ക്യാച്ച് എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 209

വി.വി.എസ്. ലക്ഷ്മണ്‍ – 135

വിരാട് കോഹ്‌ലി – 120*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 115

സുനില്‍ ഗവാസ്‌കര്‍ – 108

മത്സരത്തില്‍ സാം കോണ്‍സ്റ്റസിനെ സ്ലെഡ്ജ് ചെയ്തതുമായുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് വിരാട് നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്നത്. വിരാട് മനപ്പൂര്‍വം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയുമായിരുന്നു.

സംഭവം കൂടുതല്‍ ചൂടുപിടിക്കും മുമ്പ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കി. ഐ.സി.സി ഇക്കാര്യം പരിശോധിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

ഈ പ്രവൃത്തി വിരാടിനും ഇന്ത്യക്കും തിരിച്ചടിയായേക്കാമെന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിലക്ക് ലഭിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കാര്യങ്ങളെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ പേടി.

സംഭവങ്ങള്‍ പരിശോധിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ഇതിനെ ലെവല്‍ 2 കുറ്റമായാണ് വിലയിരുത്തുന്നത്. ഇതുപ്രകാരം വിരാടിന് ചുരുങ്ങിയത് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.സി.സിയുടെ പുതുക്കിയ നിയമം അനുസരിച്ച് 24 മാസത്തിനിടെ ഒരു താരത്തിന് നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കുകയാണെങ്കില്‍ അത് സസ്‌പെന്‍ഷന്‍ പോയിന്റായി കണ്‍വേര്‍ട്ട് ചെയ്യപ്പെടുകയും വിലക്ക് ലഭിക്കുകയും ചെയ്യും. താരത്തിന്റെ ഡിസിപ്ലിനറി റെക്കോഡില്‍ 24 മാസക്കാലം ഈ ഡീമെറിറ്റ് പോയിന്റുകള്‍ തുടരും. ഈ കാലയളവിന് ശേഷം മാത്രമേ ഇത് നീക്കം ചെയ്യപ്പെടുകയുള്ളൂ (ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ).

Content Highlight: Virat Kohli equals Mahela Jayawardene’s record of most catches against a Team

We use cookies to give you the best possible experience. Learn more