ഇന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ സ്‌ക്വാഡിലെ ഫുഡ്ഡിയായ വിരാട് കോഹ്‌ലി ഗ്രൗണ്ടില്‍ ഫീല്‍ഡിങ്ങിനിടെ പ്രോട്ടീന്‍ ബാര്‍ കഴിക്കുന്ന വീഡിയോ വൈറലാവുകയാണ്.
മത്സരത്തിന്റെ 22ാം ഓവറിനിടെയായിരുന്നു സംഭവം. മുഹമ്മദ് ഷമിയുടെ ഡെലിവറി നേരിടാന്‍ ക്രീസില്‍ തയ്യാറായി നിന്ന മാര്‍നസ് ലബുഷാനെ ഫോക്കസ് ചെയ്ത ക്യാമറാമാന്‍ കണ്ടത് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന വിരാട് പ്രോട്ടീന്‍ ബാര്‍ കഴിക്കുന്നതാണ്.
ഷമി പന്തെറിയും മുമ്പ് തന്നെ അല്‍പം കഴിച്ച വിരാട് പ്രോട്ടീന്‍ ബാര്‍ കീശയിലേക്ക് തിരികെ വെക്കുകയായിരുന്നു. ആ ഡെലിവറി ലബുഷാന്‍ ഡിഫന്‍ഡ് ചെയ്തതിന് പിന്നാലെ കോഹ്‌ലി വീണ്ടും കീശയില്‍ നിന്നും അതെടുക്കുകയും വീണ്ടും കഴിക്കുകയുമായിരുന്നു.
ഇതിനിടെ തൊട്ടടുത്ത് ഫീല്‍ഡ് ചെയ്ത ശ്രേയസ് അയ്യര്‍ക്കും വിരാട് പ്രോട്ടീന്‍ ബാര്‍ പങ്കുവെക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിവസം കളിയവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടിയിരിക്കുകയാണ്.
251 പന്തില്‍ നിന്നും പുറത്താകാതെ 104 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജ എന്ന വന്‍മതിലിന്റെ കരുത്തിലാണ് ഓസീസ് മുന്നോട്ട് കുതിക്കുന്നത്. 64 പന്തില്‍ നിന്നും പുറത്താകാതെ 49 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് മറുവശത്ത് ബാറ്റിങ് തുടരുന്നത്.
ട്രാവിസ് ഹെഡും ഖവാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് കങ്കാരുക്കള്‍ക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇരുവര്‍ക്കുമായി. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ 32 റണ്‍സ് നേടിയ ഹെഡിനെ ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിന്‍ മടക്കി.
മൂന്നാമനായി ഇറങ്ങിയ ലബുഷാന്‍ മൂന്ന് റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് 135 പന്തില്‍ നിന്നും 38 റണ്‍സും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് 27 പന്തില്‍ നിന്നും 17 റണ്‍സും നേടി തിരികെ നടന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അഹമ്മദാബദില്‍ വെച്ച് നടക്കുന്ന നാലാം ടെസ്റ്റില്‍ വിജയം മാത്രം മുമ്പില്‍ കണ്ടുകൊണ്ടാണ് ഇരു ടീമും കളത്തിലിറങ്ങിയിരിക്കുന്നത്.
Content Highlight: Virat Kohli eats protein bar during fielding