| Thursday, 20th December 2018, 10:24 pm

മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും പറയട്ടേ, സ്വഭാവം മാറ്റേണ്ടതില്ല; കോഹ്‌ലിയെ വിമര്‍ശിച്ചവര്‍ക്ക് സഹീര്‍ഖാന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍  ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന കാര്യം കോഹ്‌ലി പരിഗണിക്കേണ്ടതില്ലെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. തന്റെ വിജയതന്ത്രത്തില്‍ നിന്ന് കൊഹ്‌ലിക്ക് ഒരിക്കലും പിന്‍മാറാനാവില്ലെന്നും കൊഹ്‌ലി അക്രമണോത്സുക സമീപനം തുടരണമെന്നും സഹീര്‍ വ്യക്തമാക്കി.

വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് താരത്തെ പിന്തുണച്ചു കൊണ്ട് സഹീര്‍ രംഗത്തെത്തിയത്. കോഹ്‌ലി എങ്ങനെയാണോ അത് തുടരുക, തന്റെ വിജയതന്ത്രത്തില്‍ നിന്ന് കോഹ്‌ലിക്ക് ഒരിക്കലും പിന്‍മാറാനാവില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന കാര്യം പരിഗണിക്കേണ്ടതില്ല” സഹീര്‍ പറഞ്ഞു.

സഹീറിന്റെ അഭിപ്രായത്തെ മുന്‍ സഹതാരം പ്രവീണ്‍ കുമാറും പിന്തുണച്ചു. അക്രമണോത്സുകതയില്ലാതെ കളിച്ചാല്‍ കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കാനാകില്ലെന്നാണ് പ്രവീണ്‍ കുമാര്‍ പറഞ്ഞത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികവെല്ലാം അദ്ദേഹത്തിന്റെ അഹങ്കാരത്തിലും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണെന്ന് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ വിമര്‍ശിച്ചിരുന്നു. കോഹ്‌ലി ലോകത്തിലെ ഏറ്റവും മോശം സ്വഭാവമുള്ള കളിക്കാരനാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ രംഗത്തെത്തിയത്. “വിരാട് കോഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ മാത്രമല്ല, ലോകത്ത് ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരനുമാണ്. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മികവെല്ലാം താരത്തിന്റെ അഹങ്കാരത്തിനും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണ്. എന്നായിരുന്നു ഷായുടെ പോസ്റ്റ്.

നേരത്തെ തനിക്കെതിരേ വിമര്‍ശം ഉന്നയിച്ച ക്രിക്കറ്റ് പ്രേമിയോട് രാജ്യം വിടാന്‍ പറഞ്ഞ വിരാടിന്റെ പ്രസ്താവനയെ പരിഹസിച്ചു എനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ലെന്നും നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഓസീസ് മുന്‍ താരങ്ങളായ മൈക്ക് ഹസിയും മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഓസീസ് പര്യടനത്തില്‍ ഫീല്‍ഡില്‍ കൊഹ്ലിയുടെ പെരുമാറ്റമാണ് വിമര്‍ശനത്തിനാധാരം. ഓസീസ് ക്യാപ്റ്റന്‍ ടിം പെയിനുമായി മൈതാനത്ത് കൊമ്പു കോര്‍ത്ത വിരാടിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more