റെയില്‍വേസും ദല്‍ഹിയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 241 ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ ദല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ്.
ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ദല്‍ഹിക്ക് വേണ്ടി സൂപ്പര്‍ താരം വിരാട് കോഹ്‌ലി കളത്തിലിറങ്ങുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ ആരാധകരെ പാടെ നിരാശപ്പെടുത്തി മടങ്ങിയിരിക്കുകയാണ് വിരാട്. ദല്‍ഹിക്കുവേണ്ടി നാലാമനായി ഇറങ്ങിയ വിരാട് 15 പന്ത് കളിച്ച് വെറും 6 റണ്‍സ് നേടി ക്ലീന്‍ ബൗള്‍ ആവുകയായിരുന്നു.
ഹിമാന്‍ഷു സങ്കവന്‍ എറിഞ്ഞ പന്തിലാണ് താരം പുറത്തായത്. ഹിമാന്‍ഷുവിന്റെ ഒരു തകര്‍പ്പന്‍ ഇന്‍ സ്വിങ്ങില്‍ വിരാടിന്റെ ഓഫ് സ്റ്റംമ്പ് തെറിച്ച് പോകുകയായിരുന്നു. 12 വര്‍ഷത്തിന് മുമ്പ് വിരാട് രഞ്ജിയില്‍ കളിച്ചതിനേക്കാള്‍ മോശമായിട്ടാണ് ഇപ്പോള്‍ തിരിച്ചുവരവിലും താരം കാഴ്ചവെച്ചത്.
2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് വിരാട് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സുമാണ് താരം ദല്‍ഹിക്ക് വേണ്ടി നേടിയത്.
ഏറെ കാലമായി റെഡ് ബോളില്‍ ഫോം നഷ്ടപ്പെട്ട വിരാട് കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നേടിയ സെഞ്ച്വറിക്ക് ശേഷം രണ്ടക്കം ഒപ്പിക്കാന്‍ പാടുപെടുന്ന വിരാടിനെയാണ് കാണാന്‍ സാധിച്ചത്.
പരമ്പരയില്‍ തുടര്‍ച്ചയായി ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്തില്‍ എഡ്ജ് ആയിട്ടാണ് താരം പുറത്തായത്. സ്‌കോട് ബോളഡിന്റെ പന്തിലാണ് ഏറെ തവണ വിരാട് ബോര്‍ഡര്‍ ഗവാസ്‌കറില്‍ പുറത്തായത്. ഇപ്പോള്‍ ഫോം വീണ്ടെടുക്കാന്‍ രഞ്ജിയിലെത്തിയിട്ടിം വിരാടിന് രക്ഷയില്ലാതായിരിക്കുകയാണ്.
ടീമിന് വേണ്ടി ഓപ്പണര്‍ അപ്രിത് റാണ പത്തു റണ്‍സിനും മടങ്ങിയപ്പോള്‍ സാനത് സങ്കവന്‍ 30 റണ്‍സും യാഷ് ദുള്‍ 32 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. നിലവില്‍ ക്യാപ്റ്റന്‍ ആയുഷ് ബധോണി 25 റണ്‍സും സുമിത് മാത്തൂര്‍ 17 റണ്‍സും നേടി ഗ്രീസില്‍ തുടരുന്നുണ്ട്.
Content Highlight: Virat Kohli Dismissal In Ranji Trophy