| Wednesday, 22nd August 2018, 6:30 pm

ഈ ജയം കേരളത്തിന്: മൂന്നാം ടെസ്റ്റ് വിജയം കേരളത്തില്‍ പ്രളയക്കെടുതി നേരിടേണ്ടി വന്നവര്‍ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വിജയം കേരളത്തില്‍ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കേണ്ടി വന്ന ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

“”ഞങ്ങള്‍ ഒരു ടീമെന്ന നിലയില്‍ ഈ വിജയം കേരളത്തില്‍ പ്രളയക്കെടുതി നേരിടേണ്ടി വന്നവര്‍ക്ക് സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യം മാത്രമാണിത്. നമ്മള്‍ കടന്ന് പോവുന്ന കഠിനമായ ഒരു കാലത്തിലൂടെയാണ്”” കോഹ്‌ലി മത്സരശേഷം പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ താരമായ യുവരാജ് സിങ്ങ് ഉള്‍പ്പെടെ ഉള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലേയും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 203 റണ്‍സിനാണ് ഇന്ത്യ വിജയം കണ്ടത്. രവിചന്ദ്ര അശ്വിന്‍ ജെയിംസ് ആന്‍ഡേസണിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയതോടെയാണ് വിജയം ഒടുവില്‍ ഇന്ത്യയ്‌കൊപ്പമായത്.

ഇന്ത്യയ്ക്ക് വേണ്ടി ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബൂമ്ര എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ബാറ്റിങ്ങില്‍ ചേതേശ്വര്‍ പൂജാരയും, അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയുടെ നെടുംതൂണായത്.

We use cookies to give you the best possible experience. Learn more