Advertisement
Cricket
നേരിൽ കണ്ടില്ലെങ്കിൽ എന്താ? കോഹ്‌ലി എന്നെ അനുഗ്രഹിക്കണം; വീഡിയോ വൈറൽ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 08, 06:23 am
Thursday, 8th February 2024, 11:53 am

ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളിലൂടെ തന്റേതായ ഒരു സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് വിരാട് കോഹ്‌ലി. അതുകൊണ്ട് തന്നെ കോഹ്‌ലിക്ക് ലോകമെമ്പാടും വന്‍തോതിലുള്ള ആരാധകരുണ്ട്.

ഇപ്പോഴിതാ കോഹ്‌ലിയോടുള്ള ആരാധനയുടെ വ്യത്യസ്തമായ ഒരു രൂപമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ഒരു കട്ടൗട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. കോഹ്‌ലിയുടെ കട്ട്ഔട്ടിന് മുന്നില്‍ തൊഴുതു നില്‍ക്കുന്ന ഒരു ആരാധകനാണ് വീഡിയോയില്‍ ഉള്ളത്.

ആരാധകന്‍ കട്ടൗട്ടിലുള്ള കോഹ്‌ലിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇന്ത്യന്‍ മുന്‍ നായകനോടുള്ള ഈ ആരാധകന്റെ സ്‌നേഹം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ കോഹ്‌ലി ടീമില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ ബാക്കിയുള്ള ടെസ്റ്റുകളിലും സൂപ്പര്‍താരം വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്‌കോട്ടിലും റാഞ്ചിയിലും നടക്കുന്ന മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് നഷ്ടപ്പെടുമെന്നാണ് പറയുന്നത്. മാര്‍ച്ച് ആറിന് ധര്‍മശാലയില്‍ ആരംഭിക്കാനിരിക്കുന്ന അവസാന ടെസ്റ്റിനുള്ള കോഹ്‌ലിയുടെ ലഭ്യത സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചുകൊണ്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlight: Virat Kohli Cut out Viral on Social media.