ഐ.സി.സി ടി-20 ലോകകപ്പില്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ജൂണ്‍ 29ന് നടക്കുന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ നേരിടുക. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു.
39 പന്തില്‍ 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 36 പന്തില്‍ 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും വീഴ്ത്തി നിര്‍ണായകമായി.
മത്സരത്തില്‍ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് നേടികൊണ്ടാണ് വിരാട് മടങ്ങിയത്. റീസ് ടോപ്ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് വിരാട് പുറത്തായത്. ഈ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ഏഴ് മത്സരങ്ങളില്‍ നിന്നും 75 റണ്‍സാണ് ഇതുവരെ കോഹ്‌ലി നേടിയിട്ടുള്ളത്.
ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് വിരാടിനെ തേടിയെത്തിയിരിക്കുന്നത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കുറഞ്ഞ ആവറേജ് നേടുന്ന മൂന്നാമത്തെ താരമായി മാറാനാണ് വിരാടിന് സാധിച്ചത്. 10.71 ശരാശരിയിലാണ് ഈ ലോകകപ്പില്‍ വിരാട് ബാറ്റ് വീശിയത്.
ടി-20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ആവറേജ് നേടിയ താരം, ടീം, ആവറേജ്, വര്‍ഷം എന്നീ ക്രമത്തില്‍
സൗമ്യ സര്‍ക്കാര്‍- 9.60-ബംഗ്ലാദേശ്-2016
വെസ്ലി മാധവെരെ-9.80-സിംബാബ്വെ-2022
വിരാട് കോഹ്‌ലി-10.71-ഇന്ത്യ-2024
ടാന്‍സിദ് ഹസന്‍-10.85-ബംഗ്ലാദേശ്-2024
തമീം ഇഖ്ബാല്‍-11.20-ബംഗ്ലാദേശ്-2007
2024 ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് കോഹ്‌ലിയായിരുന്നു സ്വന്തമാക്കിയത്. 15 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 741 റണ്‍സാണ് കോഹ്‌ലി നേടിയത്. 61.75 ആവറേജിലും 154.70 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
Content Highlight: Virat Kohli Create a Unwanted Record in T20 World Cup