തുടര്‍ച്ചയായ എട്ടാം വര്‍ഷവും റണ്‍സ് 1000 കടത്തി; കോഹ്‌ലി നടന്നുകയറിയത് ചരിത്ര നേട്ടത്തിലേക്ക്
മേഖലയില്‍ ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയമായിരുന്നു ഇത്. ജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് കാലെടുത്തു വെക്കുകയും ചെയ്തു.
മത്സരത്തില്‍ 88 റണ്‍സ് നേടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കാഴ്ച്ചവെച്ചത്. ഈ അവിസ്മരണീയമായ ഇന്നിങ്‌സിലൂടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി.
ഏകദിന ഫോര്‍മാറ്റില്‍ കഴിഞ്ഞ എട്ടുവര്‍ഷവും 1000+ റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 2011 മുതല്‍ 2023 വരെയുള്ള കലണ്ടര്‍ വര്‍ഷങ്ങളില്‍ ഏകദിനത്തില്‍ ആയിരത്തിന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യ താരം എന്ന ചരിത്രപരമായ റെക്കോഡിലേക്കാണ് വിരാട് നടന്നുകയറിയത്.
വിരാട് കോഹ്‌ലി 2011-2023 വര്‍ഷങ്ങളില്‍ നേടിയ റണ്‍സുകള്‍ (വര്‍ഷം, റണ്‍സ്)
2011 – 1381
2012 – 1026
2013 – 1268
2014 – 1054
2017 – 1460
2018 – 1202
2019 – 1377
2023 – 1054*
94 പന്തുകളില്‍ നിന്നും 88 റണ്‍സാണ് വിരാട് നേടിയത്. 11 ഫോറുകള്‍ പായിച്ചുകൊണ്ടായിരുന്നു കോഹ്‌ലിയുടെ ഈ തകര്‍പ്പന്‍ ഇന്നിങ്സ്. ഈ ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 442 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്. 88.40 ശരാശരിയില്‍ ആയിരുന്നു താരത്തിന്റെ ബാറ്റിങ്. ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വിരാട്. ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ആവറേജുള്ള മുന്‍നിര ബാറ്റര്‍മാരില്‍ ഒരാൾ കോഹ്‌ലിയാണ്.
മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അക്രമിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 എന്ന പടുകൂറ്റന്‍ റണ്‍സ് ആണ് ഉയര്‍ത്തിയത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കോഹ്‌ലി 88 റണ്‍സും ശുഭ്മന്‍ ഗില്‍ 92 റണ്‍സും ശ്രേയസ് അയ്യര്‍ 82 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കന്‍ ടീം 19.4 ഓവറില്‍ 55 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ നേടികൊണ്ട് മുഹമ്മദ് ഷമി മിന്നും പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്ക ചെറിയ ടോട്ടലിന് തകരുകയായിരുന്നു. ഷമിക്ക് പുറമെ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ഒടുവില്‍ ഇന്ത്യ 302 റണ്‍സിന്റെ റെക്കോഡ് ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Virat Kohli create a record the first player ever in the ODI history to have 1000+ runs in 8 years.