2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്.
റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ 29 പന്തില്‍ 47 റണ്‍സ് നേടി മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. മൂന്ന് ഫോറുകളും നാല് സിക്‌സുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലെ നേട്ടത്തില്‍ രണ്ടാം സ്ഥാനം നേടാനാണ് വിരാടിന് സാധിച്ചത്. 37 സിക്‌സുകള്‍ ആണ് കോഹ്‌ലി നേടിയത്. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളതും കോഹ്‌ലി തന്നെയാണ്. 2016ല്‍ 38 സിക്‌സുകളാണ് താരം നേടിയത്.
വിരാടിനു പുറമേ ക്യാപ്റ്റന്‍ ഹാഫ് ഡുപ്ലസിസ് മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 39 പന്തില്‍ 54 റണ്‍സും രജത് പടിതാര്‍ 23 പന്തില്‍ 41 റണ്‍സും നേടി നിര്‍ണായകമായി.
ചെന്നൈയ്ക്ക് വേണ്ടി രചിന്‍ രവീന്ദ്ര 37 പന്തില്‍ 61 റണ്‍സും രവീന്ദ്ര ജഡേജ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
മെയ് 22നാണ് ബെംഗളൂരുവിന്റെ എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാന്‍ റോയല്‍സ് എന്നീ മത്സരഫലങ്ങള്‍ ആയിരിക്കും പ്ലേ ഓഫിലെ റോയല്‍ ചലഞ്ചേഴ്സിന്റെ എതിരാളികള്‍ ആരെന്ന് തീരുമാനിക്കുക.
Content Highlight: Virat Kohli create a new record in IPL