ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് 32 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് കോഹ്‌ലി മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. 82 പന്തില്‍ 76 റണ്‍സ് നേടി കൊണ്ടായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. 12 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരുപിടി അവിസ്മരണീയ റെക്കോഡുകളും കോഹ്‌ലി സ്വന്തം പേരിലാക്കി മാറ്റി. ഏഴ് കലണ്ടര്‍ ഇയറില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തിയത്. ഇതിന് മുമ്പ് ആറ് തവണ 2000 റണ്‍സ് നേടിയ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കകാരെയെയാണ് വിരാട് മറികടന്നത്.
അതേസമയം ഇന്ത്യന്‍ ബാറ്റിങ്ങില്‍ കോഹ്‌ലിക്ക് പുറമെ ശുഭ്മന്‍ ഗില്‍ 26 റണ്‍സ് നേടികൊണ്ട് മികച്ച പിന്തുണ നല്‍കി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും പത്ത് റണ്‍സില്‍ കൂടുതല്‍ എടുക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. ഒടുവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 131 റണ്‍സിന് പുറത്താവുകയായിരുന്നു.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ് നിരയില്‍ നാന്ദ്ര ബര്‍ഗര്‍ നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ പ്രോട്ടിയാസ് ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ആദ്യ ഇന്ത്യന്‍ കെ.എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ഇന്നിങ്‌സ് ഇന്ത്യയെ രക്ഷിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഡീന്‍ എല്‍ഗര്‍ സെഞ്ച്വറിയും മാര്‍ക്കോ ജാന്‍സന്‍ അര്‍ധസെഞ്ച്വറിയും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് സൗത്ത് ആഫ്രിക്ക. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് നടക്കുക. ന്യൂ ലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Virat Kohli create a new record.