|

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം; ചരിത്രനേട്ടത്തില്‍ സച്ചിന് പിന്നില്‍ രണ്ടാമന്‍ കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ- സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 32 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നു.

മത്സരത്തിലെ സെക്കന്‍ഡ് ഇന്നിങ്‌സില്‍ ഇന്ത്യ 131 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് കോഹ്‌ലി മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. 82 പന്തില്‍ 76 റണ്‍സ് നേടി കൊണ്ടായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 12 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ നിര്‍ണായക ഇന്നിങ്‌സ്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും കോഹ്‌ലിയെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്കാണ് കോഹ്‌ലി നടന്നുകയറിയത്. 73 അര്‍ധസെഞ്ച്വറികളാണ് കോഹ്‌ലി നേടിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. 74 തവണയാണ് സച്ചിന്‍ 50+ റണ്‍സ് നേടിയിട്ടുള്ളത്. വരും മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ കൂടി നേടാന്‍ വിരാടിന് സാധിച്ചാല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെയും മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തെത്താന്‍ കോഹ്‌ലിക്ക് സാധിക്കും.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി കെ.എല്‍ രാഹുല്‍ 137 പന്തില്‍ 101 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഡീന്‍ എല്‍ഗര്‍ 185 റണ്‍സും മാര്‍ക്കോ ജാന്‍സന്‍ 84 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക 408 റണ്‍സ് നേടുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് ബൗളിങ് നിരയില്‍ നാന്ദ്ര ബര്‍ഗര്‍ നാല് വിക്കറ്റും മാര്‍ക്കോ ജാക്‌സന്‍ മൂന്നു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റില്‍ 32 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് നടക്കുക. ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Virat Kohli create a new record.