| Sunday, 3rd July 2022, 10:41 pm

ഒരു കാലത്ത് കിങ് ആയിരുന്നവന്‍ ഇപ്പോള്‍ വെറുമൊരു കോമഡി പീസ് ആവുന്നുവോ?

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍, ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍, ഫാബ് ഫോറിലെ ഇന്ത്യയുടെ കരുത്ത്. അതായിരുന്നു വിരാട് കോഹ്‌ലി.

ടെസ്റ്റില്‍ മാത്രമല്ല, ക്രിക്കറ്റിന്റെ സമസ്ത ഫോര്‍മാറ്റിലും കോഹ്‌ലി കിങ് തന്നെയായിരുന്നു. ഇന്ത്യയ്ക്കായി അടിച്ചു കൂട്ടിയ റണ്‍സും സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട റെക്കോഡുകളും എണ്ണിയാലൊടുങ്ങില്ല.

സച്ചിന്റെ പിന്‍ഗാമിയെന്നും സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരമെന്നും വിശേഷണങ്ങള്‍ ഒരുപാടായിരുന്നു കോഹ്‌ലിക്ക്. എന്നാല്‍ മുന്‍കാലങ്ങളില്‍ താന്‍ നടത്തിയ പ്രകടനങ്ങളെല്ലാം ഇപ്പോള്‍ വിരാടിനെ തന്നെ തിരിഞ്ഞുകൊത്തുകയാണ്.

തന്റെ പ്രതാപകാലത്ത് നടത്തിയ പ്രകടനത്തിന്റെ നിഴലില്‍ പോലും കോഹ്‌ലി വരുന്നില്ല. 2019ന് ശേഷം ഒരു സെഞ്ച്വറി നേടാന്‍ താരത്തിനായിട്ടില്ല. 2020ന് ശേഷമുള്ള സ്റ്റാറ്റ്‌സ് പരിശേധിക്കുമ്പോള്‍ ഫാബ് ഫോറില്‍ ഏറ്റവും പുറകില്‍ തുടങ്ങിയ മോശം പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവുമൊടുവില്‍ ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങുന്ന ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനേക്കാള്‍ കുറവ് ബാറ്റിങ് ആവറേജ് എന്ന നാണക്കേടും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് മത്സരത്തില്‍ ബെയര്‍സ്‌റ്റോയെ സ്ലെഡ്ജ് ചെയ്ത് നാണം കെടേണ്ടിയും വന്നിരിക്കുകയാണ്. സ്ലെഡ്ജിങ്ങിന് മുമ്പ് വരെ 21 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചുകൊണ്ടിരുന്ന ബെയര്‍‌സ്റ്റോ വിരാട് ചൊറിഞ്ഞതിന് പിന്നാലെ ട്രാക്ക് മാറ്റുകയും 150 എന്ന സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറി നേടുകയുമായിരുന്നു.

ബെയര്‍സ്‌റ്റോ അത്രയും നേരം കളിച്ചിരുന്ന കളിരീതി തുടരുകയാണെങ്കില്‍ ഒരുപക്ഷേ ഇംഗ്ലണ്ടിനെ ഫോളോ ഓണിലേക്ക് പോലും തള്ളിവിടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.

വിരാടിന്റെ നാവാണ് ബെയര്‍‌സ്റ്റോക്ക് ഊര്‍ജ്ജമായത്. ഇതോടെ ഇതിഹാസ താരങ്ങളെല്ലാം വിരാടിനെ എയറില്‍ കയറ്റിയിരുന്നു. വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പും ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗുമെല്ലാം തന്നെ കോഹ്‌ലിയെ കണക്കറ്റ് വിമര്‍ശിച്ചിരുന്നു.

ഒടുവില്‍ വിരാടിന്റെ കൈകളിലേക്ക് തന്നെയാണ് ബെയര്‍സ്‌റ്റോ ക്യാച്ച് നല്‍കി മടങ്ങിയത്. പവലിയനിലേക്ക് നടക്കും മുമ്പ് ബെയര്‍‌സ്റ്റോക്ക് ഒരു ഫ്‌ളയിങ് കിസ് നല്‍കി മാസ് കാണിക്കാനും താരം മറന്നില്ല.

ഇത്തരത്തില്‍ മാസ് കാണിക്കുന്നതിന് പകരം ബാറ്റിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ പഴയ വിരാടിനെ ഇന്ത്യന്‍ ടീമിന് തിരികെ ലഭിച്ചേനെ.

രണ്ടാം ഇന്നിങ്‌സിലും താരം കാര്യമായ ചലനമുണ്ടാക്കാതെ പുറത്തായിട്ടുണ്ട്. 40 പന്തില്‍ നിന്നും 20 റണ്‍സെടുത്താണ് കോഹ്‌ലി പുറത്തായത്.

ഒരു കാലത്ത് രാജാവായിരുന്നവന്‍ ഇപ്പോള്‍ ഒന്നുമല്ലാതെ ആകുന്ന അവസ്ഥ ആരാധകരെ നന്നായി തന്നെ വേദനിപ്പിക്കുന്നുണ്ട്. അവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത് കിങ് കോഹ്‌ലി മടങ്ങി വരുമെന്ന് തന്നെയാണ്. അവര്‍ക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ സാധിക്കൂ, കളിക്കേണ്ടത് വിരാട് മാത്രമാണ്.

Content highlight: Virat Kohli continues his poor form

We use cookies to give you the best possible experience. Learn more