സച്ചിനൊപ്പമെത്തി, ഇനി മുമ്പിലുള്ളത് ഒരേ ഒരുവന്‍; ആ റെക്കോഡും വൈകാതെ തൂക്കും
Sports News
സച്ചിനൊപ്പമെത്തി, ഇനി മുമ്പിലുള്ളത് ഒരേ ഒരുവന്‍; ആ റെക്കോഡും വൈകാതെ തൂക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th September 2023, 12:14 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയരുന്നു. ഏകദിനത്തിലെ 47ാം സെഞ്ച്വറിയും കരിയറിലെ 77ാം സെഞ്ച്വറിയുമാണ് വിരാടിന്റെ ഭാഗ്യ ഗ്രൗണ്ടായ കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പിറന്നത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും വിരാടിനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന നാലാമത് താരം, രണ്ടാമത് ഇന്ത്യന്‍ താരം, ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് മാത്രം താരം തുടങ്ങി റെക്കോഡുകള്‍ നീളുകയാണ്.

ഇതിന് പുറമെ മറ്റൊരു നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. വിജയിച്ച മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് വിരാട് പുതിയ റെക്കോഡിട്ടിരിക്കുന്നത്. 53 സെഞ്ച്വറിയാണ് ഈ മത്സരങ്ങളില്‍ വിരാട് നേടിയത്.

 

അതായത് വിരാട് സെഞ്ച്വറി നേടിയ 77ല്‍ 53 മത്സരത്തിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും 53 സെഞ്ച്വറിയോടെ ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്.

 

55 സെഞ്ച്വറിയുമായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ ഒന്നാമന്‍. പോണ്ടിങ് ആകെ നേടിയ 71 സെഞ്ച്വറികളില്‍ 55ഉം ഓസീസ് വിജയിച്ചപ്പോഴായിരുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചിരുന്നു. +4.560 എന്ന മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇന്ത്യക്കുള്ളത്.

വിരാടിന് പുറമെ പരിക്കില്‍ നിന്നും മുക്തനായ കെ.എല്‍. രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 106 പന്തില്‍ 111 റണ്‍സാണ് രാഹുല്‍ നേടിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 128 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എട്ട് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.

 

Content highlight: Virat Kohli completes his 53rd century in winning matches