മൂന്ന് ആയിരം ദിവസങ്ങള്‍, മൂന്ന് സിക്‌സറുകള്‍, മൂന്ന് സെഞ്ച്വറികള്‍; ഇയാള്‍ കിങ് ആണെന്ന് ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ?
Sports News
മൂന്ന് ആയിരം ദിവസങ്ങള്‍, മൂന്ന് സിക്‌സറുകള്‍, മൂന്ന് സെഞ്ച്വറികള്‍; ഇയാള്‍ കിങ് ആണെന്ന് ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 3:34 pm

 

ഐ.പി.എല്ലില്‍ വീണ്ടും സെഞ്ച്വറി നേടി വിരാട് കോഹ്‌ലി ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് തെളിയിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയുടെയും ഫാഫിന്റെ തകര്‍പ്പന്‍ ഇന്നങ്‌സിന്റെയും ബലത്തിലാണ് ആര്‍.സി.ബി വിജയത്തിലേക്ക് നടന്നുകയറിയത്.

ഐ.പി.എല്ലില്‍ വിരാടിന്റെ ആറാമത് ട്രിപ്പിള്‍ ഡിജിറ്റ് നേട്ടമണിത്. ഈ സെഞ്ച്വറിയോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആര്‍.സി.ബി ലെജന്‍ഡ് ക്രിസ് ഗെയ്‌ലിനൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും വിരാടിന് സാധിച്ചിരുന്നു. 2019ന് ശേഷമുള്ള വിരടിന്റെ ആദ്യ സെഞ്ച്വറി നേട്ടമണിത്.

വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ഭുവനേശ്വര്‍ കുമാറിനെ സിക്‌സറിന് പറത്തിക്കൊണ്ടായിരുന്നു വിരാട് സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത പന്തില്‍ ഭുവിക്ക് തന്നെ വിക്കറ്റ് നല്‍കിയാണ് വിരാട് മടങ്ങിയത്.

രസകരമായ ചില കണക്കുകളാണ് വിരാടിന്റെ സെഞ്ച്വറി നേട്ടത്തെ ഒന്നുകൂടി രസകരമാക്കുന്നത്. സെഞ്ച്വറി നേടിയ ഷോട്ടും അതിന് കാത്തിരിക്കേണ്ടി വന്ന ദിവസങ്ങളുമെല്ലാമാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.

1021 ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമിടുന്നത്. താനിതുവരെ സെഞ്ച്വറി നേടാതിരുന്ന ടി-20 ഫോര്‍മാറ്റില്‍ സെഞ്ച്വറിയടിച്ചുകൊണ്ടായിരുന്നു വിരാട് തന്റെ റണ്‍ വരള്‍ച്ചക്ക് വിരാമമിട്ടത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സിക്‌സറടിച്ചുകൊണ്ടായിരുന്നു വിരാട് സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയതും.

1214 ദിവസത്തിന്റെ ഇടവേളയണ് വിരാടിന്റെ അവസാന ഏകദിന സെഞ്ച്വറികള്‍ തമ്മിലുണ്ടായിരുന്നത്. അന്നും വിരാടിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്ത സിക്‌സര്‍ തന്നെയായിരുന്നു വിരാടിനെ 100 എന്ന മാജിക്കല്‍ നമ്പറിലേക്കെത്തിച്ചത്.

2019ല്‍ ഐ.പി.എല്ലിലെ തന്റെ അവസാന സെഞ്ച്വറി തികച്ചതിന് ശേഷം 1490 ദിവസങ്ങളാണ് മറ്റൊരു ടണ്ണിനായി വിരാടിന് കാത്തിരിക്കേണ്ടി വന്നത്. ആ കാത്തിരിപ്പ് അവസാനിച്ചതാകട്ടെ മറ്റൊരു സിക്‌സറിലൂടെയും.

 

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്താനും വിരാട് കോഹ്‌ലിക്കും റോയല്‍ ചലഞ്ചേഴ്‌സിനുമായിരുന്നു. 13 മത്സരത്തില്‍ നിന്നും ഏഴ് വിജയത്തോടെ 14 പോയന്റ് നേടിയാണ് ആര്‍.സി.ബി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയത്. ശേഷിക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനും ഫാഫിനും സംഘത്തിനുമാകും.

 

Content Highlight: Virat Kohli completes century with a six in IPL after T20 and ODI