| Saturday, 6th May 2023, 8:04 pm

ചരിത്രം കുറിച്ച് കിങ്; ഒരുവശത്ത് രോഹിത് മുട്ടയിടുമ്പോള്‍ മറുവശത്ത് വിരാട് റെക്കോഡുകള്‍ കൊണ്ട് അമ്മാനമാടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ 7,000 റണ്‍സ് തികച്ച വിരാട് കോഹ്‌ലി. ഐ.പി.എല്‍ 2023ലെ 50ാം മത്സരത്തിലാണ് വിരാട് ചരിത്രത്തിലേക്ക് നടന്നുകയറിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും ഏക താരവും വിരാടാണ്.

അക്‌സര്‍ പട്ടേലെറിഞ്ഞ രണ്ടാം ഓവറില്‍ ബൗണ്ടറി നേടിക്കൊണ്ടാണ് വിരാട് ചരിത്രം കുറിച്ചത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പ് 6,988 റണ്‍സായിരുന്നു വിരാടിനുണ്ടായിരുന്നത്. ഈ മത്സരത്തില്‍ 12 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കുമെന്നിരിക്കെ രണ്ടാം ഓവറില്‍ തന്നെ വിരാട് റെക്കോഡ് നേട്ടം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഐ.പി.എല്ലിലെ തന്റെ 233ാം മത്സരത്തിലാണ് വിരാട് 7,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

129.58 എന്ന സ്‌ട്രൈക്ക് റേറ്റിലും 36.59 എന്ന ശരാശരിയിലുമാണ് വിരാട് റണ്ണടിച്ചുകൂട്ടിയത്. അഞ്ച് തവണ സെഞ്ച്വറി നേടിയ വിരാട് ഐ.പി.എല്ലില്‍ 49 തവണ അര്‍ധ സെഞ്ച്വറിയും കുറിച്ചു. 612 ബൗണ്ടിറിയും 229 സിക്‌സറുകളുമാണ് വിരാടിന്റെ സ്വപ്‌നനേട്ടത്തില്‍ തുണയായത് (232ാം മത്സരം വരെയുള്ള കണക്കുകള്‍).

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന ആര്‍.സി.ബിക്ക് ഇനിയുള്ള എല്ലാ മത്സരവും നിര്‍ണായകമാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ വിജയം നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും റോയല്‍ ചലഞ്ചേഴ്‌സിന് സാധിക്കും.

അതേസമയം, ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 36 റണ്‍സാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. 18 പന്തില്‍ നിന്നും 19 റണ്‍സുമായി വിരാട് കോഹ്‌ലിയും 12 പന്തില്‍ നിന്നും 17 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

വിരാട് കോഹ് ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, വാനിന്ദു ഹസരങ്ക, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്. ജോഷ് ഹെയ്‌സല്‍വുഡ്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡേ, റിലി റൂസോ, അമാന്‍ ഹക്കിം ഖാന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Content highlight: Virat Kohli completes 7000 runs in IPL

We use cookies to give you the best possible experience. Learn more