എന്റമ്മോ... സച്ചിന്റെ റെക്കോഡൊക്കെ തകരാന്‍ പോകുന്നേ... കിരീടമണിഞ്ഞ് വിരാട്
ഐ.സി.സി ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നിരിക്കുകയാണ്. ഇതോടെ കളിച്ച നാല് മത്സരത്തില്‍ നാല് ജയവുമായി എട്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എട്ട് പോയിന്റുമായി ന്യൂസിലാന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. നെറ്റ് റണ്‍ റേറ്റാണ് ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നിര്‍ണയിക്കാന്‍ കാരണമായത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മുന്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയപ്പോള്‍ യുവതാരം ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
വിരാട് ഏകദിനത്തിലെ തന്റെ 48ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് ശുഭ്മന്‍ ഗില്‍ തന്റെ പേരില്‍ കുറിച്ചത്. ഇതിന് പുറമെ 40 പന്തില്‍ 48 റണ്‍സ് നേടിയ രോഹിത് ശര്‍മയും 34 പന്തില്‍ 34 റണ്‍സ് നേടിയ കെ.എല്‍. രാഹുലും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഏകദിനത്തിലെ 48ാം സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചതോടെ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് താരം എന്ന റെക്കോഡ് അരക്കിട്ടുറപ്പിക്കാനും വിരാടിനായി.
ഒറ്റ സെഞ്ച്വറി കൂടി നേടിയാല്‍ മുന്‍ ഇന്ത്യന്‍ നായകന് ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്താനും മറ്റൊരു സെഞ്ച്വറി കൂടി നേടാന്‍ സാധിച്ചാല്‍ അദ്ദേഹത്തെ മറികടക്കാനും സാധിക്കും.
ഇതിന് പുറമെ മറ്റൊരു കരിയര്‍ മൈല്‍ സ്‌റ്റോണും വിരാട് ഈ മത്സരത്തില്‍ നേടിയിരുന്നു. 26,000 അന്താരാഷ്ട്ര റണ്‍സ് എന്ന റെക്കോഡാണ് വിരാട് മറികടന്നത്. ലങ്കന്‍ ലെജന്‍ഡ് മഹേല ജയവര്‍ധനെയെ മറികടന്നുകൊണ്ടാണ് വിരാട് പട്ടികയില്‍ മുമ്പില്‍ കയറിയത്.
ഏറ്റവും വേഗത്തില്‍ 26,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡും ഇതോടെ വിരാട് സ്വന്തമാക്കി. തന്റെ 568ാം ഇന്നിങ്‌സിലാണ് വിരാട് ഈ ഐതിഹാസിക റെക്കോഡ് സ്വന്തമാക്കിയത്.
ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങള്‍
(താരം – രാജ്യം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28,016
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 27,483
വിരാട് കോഹ്‌ലി – ഇന്ത്യ – 26,026
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25,957
ഇതിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം വിജയിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലും വിരാട് തിളങ്ങി.
മോസ്റ്റ് സെഞ്ച്വറീസ് ഇന്‍ വിന്‍സ്
(താരം – രാജ്യം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 55
വിരാട് കോഹ്‌ലി – ഇന്ത്യ – 54
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 53
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 40
വരും മത്സരങ്ങളിലും വിരാട് ഇതേ ഡൊമിനേഷന്‍ ആവര്‍ത്തിച്ചാല്‍, ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളും പറഞ്ഞതുപോലെ ഈ ലോകകപ്പില്‍ തന്നെ സച്ചിനെ മറികടക്കാന്‍ വിരാടിന് സാധിക്കും.
ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content highlight: Virat Kohli completes 26,000 international runs