ചെയ്‌സ് മാസ്റ്റര്‍ക്ക് ഇനി ചെയ്‌സ് ചെയ്ത് വീഴ്ത്താനുള്ളത് ഐറിഷ് ഇതിഹാസത്തെ; ഒന്നാമനാകാന്‍ വിരാട്
Sports News
ചെയ്‌സ് മാസ്റ്റര്‍ക്ക് ഇനി ചെയ്‌സ് ചെയ്ത് വീഴ്ത്താനുള്ളത് ഐറിഷ് ഇതിഹാസത്തെ; ഒന്നാമനാകാന്‍ വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th January 2024, 7:39 pm

ടി-20യിലെ റണ്‍ വേട്ടയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 4,037 റണ്‍സുമായി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് വിരാട്. മറ്റൊരു ബാറ്റര്‍ക്കും തന്നെ ഇതുവരെ 4,000 റണ്‍സ് മാര്‍ക് പിന്നിടാന്‍ സാധിച്ചിട്ടില്ല.

ഇതിന് പുറമെ മറ്റൊരു റെക്കോഡും വിരാട് അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ചെയ്‌സിങ്ങില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് വിരാട് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ബാറ്ററാണ് വിരാട്.

 

ടി-20യിലെ റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ മറ്റൊരു നേട്ടമാണ് ഇനി വിരാടിന് മുമ്പിലുള്ളത്. ചെയ്‌സിങ്ങിനിടെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് വിരാടിനെ മാടിവിളിക്കുന്നത്. നിലവില്‍ ഐറിഷ് ഇതിഹാസ താരം പോള്‍ സ്‌റ്റെര്‍ലിങ്ങാണ് നിലവില്‍ വിരാടിന് മുമ്പിലുള്ളത്.

ടി-20യില്‍ ആകെ നേടിയ 4,037 റണ്‍സില്‍ 2,008 റണ്‍സും പിറന്നത് ചെയ്‌സിങ്ങിലാണ്. ചെയ്‌സിങ്ങില്‍ വെറും 66 റണ്‍സ് കൂടി നേടിയാല്‍ വിരാടിന് പോള്‍ സ്‌റ്റെര്‍ലിങ്ങിനൊപ്പമെത്താനും മറ്റൊരു റണ്‍ കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഐറിഷ് ഹാര്‍ഡ് ഹിറ്ററെ മറികടക്കാനും സാധിക്കും.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ടീം – റണ്‍സ് എന്നീ ക്രമിത്തില്‍)

വിരാട് കോഹ് ലി – ഇന്ത്യ – 4,037

രോഹിത് ശര്‍മ – ഇന്ത്യ – 3,853

ബാബര്‍ അസം – പാകിസ്ഥാന്‍ – 3,608

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 3,531

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലാന്‍ഡ് – 3,438

 

 

അന്താരാഷ്ട്ര ടി-20യില്‍ ചെയ്‌സിങ്ങില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ടീം – ചെയ്‌സിങ്ങില്‍ നേടിയ റണ്‍സ് – എന്നീ ക്രമത്തില്‍)

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 2,074

വിരാട് കോഹ് ലി- ഇന്ത്യ – 2,008

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 1,788

ബാബര്‍ അസം – പാകിസ്ഥാന്‍ – 1,628

രോഹിത് ശര്‍മ – ഇന്ത്യ – 1,465

 

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിരാടിന് സ്റ്റെര്‍ലിങ്ങിനെ മറികടന്ന് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ജനുവരി 17ന് നടക്കുന്ന മത്സരത്തിന് ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദിയാകുന്നത്.

 

 

Content Highlight: Virat Kohli completes 2,000 T20I runs while chasing