അവിടെ സഞ്ജുവും പിളേളരും അടിച്ചു തകര്‍ക്കുമ്പോള്‍ ഇവിടെ ഒരാള്‍ മോശം റെക്കോഡിന്റെ പിറകെ പോവുന്നു; ധോണിക്കും രോഹിത്തിനും ശേഷം ആ പട്ടികയില്‍ ഇടം നേടി വിരാട്
ഇന്ത്യ – വിന്‍ഡീസ് രണ്ടാം എകദിനവും ഒപ്പം പരമ്പരയും വിജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. മലയാളി താരം സഞ്ജു സാംസണിന്റെ കരിയറിലെ തന്നെ കന്നി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മത്സരത്തില്‍ പിറന്നതോടെ ഇന്ത്യന്‍ ആരാധകര്‍ ഹാപ്പിയായി.
എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ ഒട്ടും ഹാപ്പിയാവാന്‍ ഇടയില്ലാത്ത ഒരു മോശം റെക്കോഡും പിറന്ന ദിവസമായിരുന്നു ഇന്ന്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം ദിവസങ്ങളില്‍ ഒന്നായിരുന്നു 2022 ഓഗസ്റ്റ് 20.
അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ വിരാട് 1000 ദിവസം പിന്നിട്ടത് ഈ ശനിയാഴ്ചയായിരുന്നു. 2019ല്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ ശേഷം മറ്റൊരു നൂറ് തന്റെ കരിയറില്‍ വിരാട് കണ്ടിട്ടില്ല.
മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ഏറ്റവും സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് കളിക്കുന്ന, ഫാബ് ഫോറിലെ പ്രധാനിയായ വിരാടിന്റെ കരിയറില്‍ തന്നെയുള്ള ഏറ്റവും വലിയ ബ്ലെമിഷാവും ഈ മോശം റെക്കോഡ് എന്നതില്‍ ഒരു സംശയവും വേണ്ട.
എന്നാല്‍ ഈ പട്ടികയില്‍ വിരാടിനൊപ്പം കൂട്ടിരിക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ മഹേന്ദ്ര സിങ് ധോണിയും നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഉണ്ടെന്നുള്ളതാണ് മറ്റൊരു നാണക്കേട്.
കരിയറിന്റെ ഒരുവേളയില്‍ ഇരുവരും ഒരു സെഞ്ച്വറിയില്‍ നിന്നും അടുത്ത സെഞ്ച്വറിയിലെത്താന്‍ 1000+ ദിവസങ്ങള്‍ എടുത്തിരുന്നു.
അന്താരാഷ്ട്ര സെഞ്ച്വറി നേടാതെ തുടര്‍ച്ചയായി ഏറ്റവുമധികം ദിവസം പിന്നിട്ട ബാറ്റര്‍മാര്‍
രോഹിത് ശര്‍മ – 1235 ദിവസം (2010-2013)
എം.എസ്. ധോണി – 1188 ദിവസം (2013-2017)
വിരാട് കോഹ്‌ലി – 1000* ദിവസം (2019- ഇന്ന് വരെ)
അതേസമയം, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിരാട് ഇടം നേടിയിട്ടുണ്ട്. മോശം ഫോമില്‍ തുടരുകയാണെങ്കിലും ആരാധകര്‍ വിരാടിന് മേല്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ ചില്ലറയല്ല.
ഏഷ്യാ കപ്പില്‍ അദ്ദേഹം തന്റെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിക്കുമെന്നും ടീമിലെ നിര്‍ണായക സ്വാധീനമാവുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.