| Sunday, 23rd April 2023, 6:59 pm

ഗോള്‍ഡന്‍ ഡക്കായാലും സെഞ്ച്വറിയടിച്ച് കിങ് കോഹ്‌ലി; ചരിത്രത്തില്‍ മൂന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 32ാം മത്സരത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിരാട് കോഹ്‌ലി. ഐ.പി.എല്ലില്‍ നൂറ് ക്യാച്ചുകള്‍ തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് വിരാടിനെ തേടിയെത്തിയത്.

ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന്റെ ക്യാച്ചെടുത്തതിന് പിന്നാലെയാണ് ഈ റെക്കോഡ് വിരാടിനെ തേടിയെത്തിയത്.

34 പന്തില്‍ നിന്നും 52 റണ്‍സ് നേടി നില്‍ക്കവെയാണ് പടിക്കല്‍ പുറത്താകുന്നത്. ഡേവിഡ് വില്ലിയുടെ പന്തിലാണ് തന്റെ നൂറാം ക്യാച്ചായി വിരാട് പടിക്കലിനെ കൈപ്പിടിയിലൊതുക്കിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ നൂറ് ക്യാച്ച് തികയ്ക്കുന്ന മൂന്നാമത് മാത്രം താരമാണ് വിരാട് കോഹ്‌ലി. മിസ്റ്റര്‍ ഐ.പി.എല്‍ സുരേഷ് റെയ്‌നയും മുംബൈ ഇന്ത്യന്‍സ് ലെജന്‍ഡ് കെയ്‌റോണ്‍ പൊള്ളാര്‍ഡുമാണ് ഇതിന് മുമ്പ് നൂറ് ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

അതേസമയം, 190 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മൂന്നാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 37 പന്തില്‍ നിന്നും 47 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് റോയല്‍സിന് നഷ്ടമായത്. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ വിരാടിന് ക്യാച്ച് നല്‍കിയാണ് ജെയ്‌സ്വാളും പുറത്തായത്.

നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 108 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ നിന്നും ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും രണ്ട് പന്തില്‍ നിന്നും റണ്ണൊന്നുമെടുക്കാതെ ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ക്രീസില്‍.

Content highlight: Virat Kohli completes 100 catches in IPL

We use cookies to give you the best possible experience. Learn more