ചരിത്രം കുറിച്ച നൂറാം സെഞ്ച്വറി; സെഞ്ച്വറിയില്‍ സെഞ്ച്വറിയടിച്ച് കിങ് കോഹ്‌ലി
Sports News
ചരിത്രം കുറിച്ച നൂറാം സെഞ്ച്വറി; സെഞ്ച്വറിയില്‍ സെഞ്ച്വറിയടിച്ച് കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th November 2024, 4:07 pm

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വീണ്ടും വിരാട് കോഹ്‌ലിയുടെ എം.ആര്‍.എഫ് ബാറ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പാടെ നിരാശപ്പെടുത്തിയ ശേഷമാണ് രണ്ടാം ഇന്നിങ്‌സില്‍ വിരാട് ഗംഭീര തിരിച്ചുവരവ് നടത്തിയത്.

നേരിട്ട 143ാം പന്തിലാണ് വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ട് സിക്‌സറും സിക്‌സറിന്റെ നാലിരട്ടി ബൗണ്ടറിയുമടിച്ചാണ് വിരാട് കരിയറിലെ 81ാം അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രൊഫഷണല്‍ ക്രിക്കറ്റിലെ നൂറാം സെഞ്ച്വറിയാണ് വിരാട് പെര്‍ത്തില്‍ കുറിച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 54 സെഞ്ച്വറി നേടിയ വിരാട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 36 സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന പത്ത് സെഞ്ച്വറികള്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത്.

 

ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. 1124 ഇന്നിങ്‌സില്‍ നിന്നുമായി 142 പ്രൊഫഷണല്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് വിരാടിന് മുമ്പിലുള്ളത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 81 സെഞ്ച്വറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 60 സെഞ്ച്വറി നേടിയ സച്ചിന്‍ ടി-20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.

പ്രൊഫഷണല്‍ കരിയറിലെ നൂറാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് മറ്റ് പല നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിനൊപ്പം ഒന്നാം സ്ഥാനത്തെത്തിയ വിരാട്, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സച്ചിനെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 44 – 9*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65 – 9

സ്റ്റീവ് സ്മിത്ത് – ഓസ്ട്രേലിയ – 36 – 8

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 51 – 8

മൈക്കല്‍ ക്ലാര്‍ക്ക് – ഓസ്ട്രേലിയ – 40 – 7

മാത്യു ഹെയ്ഡന്‍ – ഓസ്ട്രേലിയ – – 35 – 6

ഓസ്ട്രേലിയയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 7*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 6

സുനില്‍ ഗവാസ്‌കര്‍ – 5

അതേസമയം, പെര്‍ത്ത് ടെസ്റ്റില്‍ 487/6 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയും 534 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുമ്പില്‍ വെക്കുകയും ചെയ്തു. വിരാട് 100 റണ്‍സുമായും നിതീഷ് കുമാര്‍ റെഡ്ഡി 38 റണ്‍സുമായും പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നഥാന്‍ മക്സ്വീനിയുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. ബുംറക്ക് മുമ്പില്‍ സംപൂജ്യനായാണ് മക്സ്വീനി തിരിച്ചുനടന്നത്. പിന്നാലെ നൈറ്റ് വാച്ചമാനായി കളത്തിലെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സൂപ്പര്‍ താരം മാര്‍നസ് ലബുഷാനും പുറത്തായി.

നിലവില്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍  10/3 എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

 

Content Highlight: Virat Kohli completed 100 professional cricket century