| Thursday, 19th October 2023, 9:54 pm

ജയിക്കാന്‍ 20 റണ്‍സ് വേണ്ടപ്പോള്‍ സെഞ്ച്വറിയടിക്കാന്‍ വേണ്ടിയിരുന്നതും 20 റണ്‍സ്; രണ്ടും ഒന്നിച്ച് നേടി കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ നാലാം വിജയമാഘോഷിച്ച് ഇന്ത്യ. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യ ഈ ലോകകപ്പിലെ നാലാം ജയവും കുറിച്ചത്. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ ന്യൂസിലാന്‍ഡിന് പുറകില്‍ രണ്ടാം സ്ഥാനത്താണ്.

ഷാകിബ് അല്‍ ഹസന് പകരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോ നയിച്ച മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് ബംഗ്ലാ കടുവകള്‍ നേടിയത്.

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ബംഗ്ലാദേശിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 93 റണ്‍സാണ് ലിട്ടണ്‍ ദാസും തന്‍സിദ് ഹസനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

15ാം ഓവറിലെ നാലാം പന്തില്‍ തന്‍സിദ് ഹസനെ പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. 43 പന്തില്‍ 51 റണ്‍സാണ് പുറത്താകുമ്പോള്‍ ഹസന്റെ പേരിലുണ്ടായിരുന്നത്.

ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെയും മെഹ്ദി ഹസനെയും ബംഗ്ലാദേശിന് പെട്ടെന്ന് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 137ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ലിട്ടണ്‍ ദാസും പുറത്തായതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. 82 പന്തില്‍ 66 റണ്‍സാണ് ലിട്ടണ്‍ ദാസ് നേടിയത്.

മിഡില്‍ ഓര്‍ഡറില്‍ സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമും മഹ്മുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ താങ്ങി നിര്‍ത്തിയത്. റഹീം 46 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 46 റണ്‍സായിരുന്നു മഹ്മദുള്ളയുടെ സമ്പാദ്യം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ രോഹിത്തിനെ പുറത്താക്കി ഹസന്‍ മഹ്മൂദാണ് ബ്രേക് ത്രൂ നല്‍കിയത്.

പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയും പതിയെ സ്‌കോര്‍ ഉയര്‍ത്തി തുടങ്ങി. ഇതിനിടെ ശുഭ്മന്‍ ഗില്‍ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ ഫിഫ്റ്റിയടിച്ച് അധികം കഴിയും മുമ്പേ ഗില്‍ പുറത്തായി. 55 പന്തില്‍ 53 റണ്‍സാണ് ഗില്‍ നേടിയത്. നാലാമനായി എത്തിയ ശ്രേയസ് അയ്യരിന് വേണ്ടതുപോലെ തിളങ്ങാന്‍ സാധിച്ചില്ല. 25 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ കെ.എല്‍. രാഹുലിനെ ഒപ്പം കൂട്ടി വിരാട് അടി തുടര്‍ന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് തന്റെ കരിയറിലെ 48ാം ഏകദിന സെഞ്ച്വറിയുടെ പ്രതീതി പൂനെ ക്രൗഡിന് നല്‍കിക്കൊണ്ടിരുന്നു.

ഒരുവേള ഇന്ത്യക്ക് ജയിക്കാനും വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കാനും 20 റണ്‍സ് വേണമെന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന രാഹുല്‍ സാഹചര്യത്തിനൊത്ത് കളിച്ചു.

ഒടുവില്‍ സ്‌കോര്‍ ലെവലായപ്പോള്‍ വിരാട് സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെയായിരുന്നു. എന്നാല്‍ 42ാം ഓവറിലെ മൂന്നാം പന്തില്‍ നാസും അഹമ്മദിനെ സിക്‌സറിന് പറത്തി ഇന്ത്യയുടെ വിജയവും തന്റെ സെഞ്ച്വറിയും വിരാട് പൂര്‍ത്തിയാക്കി.

ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content Highlight: Virat Kohli complete 48 century and leads India to Victory

We use cookies to give you the best possible experience. Learn more