ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ ആദ്യമായി തന്റെ പ്രതികരണമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ഞാന്‍ സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു വിരാട് കോഹ്ലിയുടെ പ്രതികരണം.
ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ആദ്യമാച്ച് ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്നതിന്റെ മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലി തന്റെ പ്രതികരണമറിയിച്ചത്.
പാര്‍ലമെന്റില്‍ പൗരത്വഭേദഗതി ബില്ല് അവതരിപ്പിക്കുന്ന സമയം തൊട്ട് അസമില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ തനിക്ക് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അധികമൊന്നും അറിയില്ലെന്നും പക്ഷെ അസം സുരക്ഷിതമാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.
”സി.എ.എയെക്കുറിച്ച് ഞാന്‍ സംസാരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എനിക്ക് അതിനെക്കുറിച്ച് അധികമൊന്നും അറിയുകയും ഇല്ല. നഗരം പൂര്‍ണമായും സുരക്ഷിതമായാണ് കാണാന്‍ സാധിച്ചത്”- കോഹ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗുവാഹത്തിയില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പോസ്റ്ററുകളും ബാനറുകളും അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.
ബൗണ്ടറികളെ സൂചിപ്പിക്കാനായി ക്രിക്കറ്റ് ഗാലറികളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന 4,6 എന്നിവയെഴുതിയ പ്ലക്കാര്‍ഡുകളും അനുവദിക്കില്ലെന്നും അസം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.