| Wednesday, 22nd November 2023, 4:03 pm

നഷ്ടപ്പെട്ട കിരീടവും സാമ്രാജ്യവും വീണ്ടെടുക്കാന്‍ വിരാട്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് വിരാട് കോഹ്‌ലി. 791 റേറ്റിങ് പോയിന്റുമായാണ് വിരാട് സ്ഥാനം മെച്ചപ്പെടുത്തിയത്. ഐ.സി.സി ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് വിരാടിനെ തേടി പുതിയ നേട്ടവുമെത്തിയിരിക്കുന്നത്. സമീപകാലത്ത് വിരാട് കോഹ്‌ലിയുടെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.

ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ വിരാട് ഓരോ റാങ്ക് അപ്‌ഡേഷനിലും തന്റെ സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. ലോകകപ്പിന് മുമ്പ് 696 പോയിന്റുമായി പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന വിരാട് ലോകകപ്പ് അവസാനിക്കുമ്പോള്‍ 95 റേറ്റിങ് പോയിന്റ് സ്വന്തമാക്കി 791 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

വിരാട് വൈകാതെ തന്നെ ഏകദിനത്തിലെ മികച്ച ബാറ്റര്‍ എന്ന നേട്ടം വീണ്ടും തന്റെ പേരില്‍ കുറിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. 35 റേറ്റിങ് പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ശുഭ്മന്‍ ഗില്ലും മൂന്നാം സ്ഥാനത്തുള്ള വിരാടും തമ്മിലുള്ള വ്യത്യാസം.

അതേസമയം, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍.

ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ അഞ്ചില്‍ മൂന്ന് പേരും ഇന്ത്യന്‍ താരങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 826 പോയിന്റുമായി ഗില്‍ ഒന്നാം സ്ഥാനത്ത് തുടരമ്പോള്‍ 791 പോയിന്റുമായി വിരാട് മൂന്നാമതും 769 പോയിന്റുമായി രോഹിത് ശര്‍മ നാലാമതുമാണ്.

824 പോയിന്റുള്ള മുന്‍ പാക് നായകന്‍ ബാബര്‍ അസമാണ് പട്ടികയിലെ രണ്ടാമന്‍. വേള്‍ഡ് കപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ക്വിന്റണ്‍ ഡി കോക്ക് അഞ്ചാം സ്ഥാനത്തുമാണ്.

(ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ മുഹമ്മദ് സിറാജ് ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണു. ജോഷ് ഹെയ്‌സല്‍വുഡാണ് സിറാജിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.

ജസ്പ്രീത് ബുംറ നാലാമതായി തുടരുമ്പോള്‍ കുല്‍ദീപ് യാദവ് ഒരു റാങ്ക് നഷ്ടപ്പെടുത്തി ആറാമതായി. മുഹമ്മദ് ഷമിക്കും ഒരു റാങ്ക് ഇടിഞ്ഞു. നിലവില്‍ പത്താം സ്ഥാനത്താണ് ഷമി. പാക് നായകന്‍ ഷഹീന്‍ ഷാ അഫ്രിദിയാണ് ഷമിയെ മറികടന്ന് ഒമ്പതാം സ്ഥാനത്തെത്തിയത്.

(ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക)

Content highlight: Virat Kohli climbs to 3rd in ICC ODI ranking

We use cookies to give you the best possible experience. Learn more