ഫുട്‌ബോള്‍ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് താരങ്ങളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും.
തങ്ങളുടെ ക്ലബ്ബുകള്‍ക്കും നാഷണല്‍ ടീമുകള്‍ക്കും വേണ്ടി വാരിക്കൂട്ടിയ റെക്കോഡുകള്‍ക്കും ട്രോഫികള്‍ക്കും പുറമെ ഇരുവരും പേരിലാക്കിയത് പന്ത്രണ്ടോളം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണ്.
ആരാധകര്‍ ഒരുപോലെ നെഞ്ചിലേറ്റിയ ഈ രണ്ട് ഇതിഹാസ താരങ്ങളില്‍ മികച്ചത് ആരാണെന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്.
ഫുട്‌ബോളില്‍ തന്റെ ഇഷ്ട താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട് കോഹ്‌ലി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആണ് തനിക്കേറ്റവും ഇഷ്ടം എന്നാണ് ഒരഭിമുഖത്തിനിടെ കോഹ്‌ലി പറഞ്ഞത്.
മെസി നാച്ചുറലായി കളിക്കുന്ന താരമാണെന്നും റോണോയെ ഇഷ്ടപ്പെടാന്‍ തനിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നുമാണ് വിരാട് പറഞ്ഞത്.
‘ഞാന്‍ റൊണാള്‍ഡോയെ ആരാധിക്കാനുള്ള പ്രധാന കാരണം, ജീവിതത്തില്‍ പല ഘട്ടങ്ങളിലൂടെ പോകേണ്ടി വന്നപ്പോഴും, കളിയിലായിക്കൊള്ളട്ടെ, വ്യക്തി ജിവിതത്തിലായിക്കൊള്ളട്ടെ, അതിനെയെല്ലാം അദ്ദേഹം മനോ ധൈര്യം കൊണ്ട് മറികടന്നു പോയ രീതിയാണ്.
തീര്‍ച്ചയായും മെസി, വളരെ നാച്ചുറലായി കളിക്കുന്ന താരമാണ്. റോണോയെ സംബന്ധിച്ച് അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ കൃത്യമായി അച്ചടക്കം പാലിച്ച് പോരാനുള്ള കഴിവുണ്ട്.
15 വര്‍ഷത്തോളം അത് അങ്ങനെ കീപ്പ് ചെയ്യാന്‍ പറ്റുന്നത് പ്രൊഫഷണലിസത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഗമാണ്. ഓരോ തവണ റോണോ കളിക്കുമ്പോഴും ആളുകള്‍ക്കറിയാം എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുണ്ടെന്ന്. അതെനിക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്,’ വിരാട് കോഹ്‌ലി വ്യക്തമാക്കി.
എന്നിരുന്നാലും റൊണാള്‍ഡോക്ക് ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്ന് ആകെ മൂന്ന് തവണ മാത്രമാണ് ഗോള്‍ നേടാനായത്. എന്നാല്‍ മെസിയുടെ പി.എസ്.ജിയിലെ അരങ്ങേറ്റം കുറച്ച് പാളി പോയിരുന്നെങ്കിലും പിന്നീട് താരം ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഈ സീസണില്‍ 18 കളിയില്‍ നിന്ന് 12 ഗോളും 14 അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.
അതേസമയം, ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലിയും ടീം ഇന്ത്യയും പുറത്തെടുക്കുന്നത്. ഇതിനകം നിരവധി റെക്കോഡുകളാണ് കേഹ്‌ലി പേരിലാക്കിയിരിക്കുന്നത്.
നിലവില്‍ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.
നിലവില്‍ 1033 റണ്‍സാണ് കോഹ്ലി തന്റെ ടി-20 ലോകകപ്പ് കരിയറില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. 25 മത്സരത്തിലെ 23 ഇന്നിങ്സില്‍ നിന്നുമാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.
Content Highlights: Virat kohli chooses his favourite among Cristiano Ronaldo and Lionel Messi