കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ടീം ഇന്ത്യയ്ക്ക് വില്ലനായി മഴയും വിവാദവും. മഴമൂലം വൈകിയായിരുന്നു കളി തുടങ്ങിയത്. എന്നാല്‍ തുടങ്ങിയതു തന്നെ വിവാദത്തോടെയായിരുന്നു. ടീം നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് വിവാദത്തിലും നായക സ്ഥാനത്തുള്ളത്.
മഴമൂലം രണ്ടാം സെഷനിലാണ് കളി ആരംഭിച്ചത്. കളിക്കു മുമ്പായി ദേശീയ ഗാനം ആലപിച്ച വേളയില്‍ ഇന്ത്യന്‍ നായകന്‍ ചൂയിംഗ് ഗം ചവച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. കോഹ് ലി ചൂയിംഗ് ഗം ചവക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനെതിരെ ചില തീവ്രദേശീയവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. കോഹ് ലി ദേശീയ ഗാനത്തെ അപമാനിച്ചെന്നാണ് വിമര്‍ശനങ്ങള്‍.
നേരത്തെ, തന്റെ അരങ്ങേറ്റ മത്സരത്തില്‍ കശ്മീര്‍ താരം പര്‍വ്വേസ് റസൂലിനെതിരേയും സമാനമായ വിവാദമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു റസൂല്‍ ചൂയിംഗ് ഗം ചവച്ചത്. അന്നു താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ന്യൂസിലാന്റ് പരമ്പരയ്ക്കിടെയും ഇന്ത്യന്‍ നായകനെ തേടി വിവാദം എത്തിയിരുന്നു. മത്സരത്തിനിടെ വാക്കി ടോക്കിയിലൂടെ സംസാരിച്ചതായിരുന്നു വിവാദം. എന്നാല്‍ താരം അനുമതി വാങ്ങിയിരുന്നുവെന്ന് മാച്ച് റഫറി വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കുകയായിരുന്നു.
അതേസമയം, ഒന്നാം ദിനം കുറച്ച് നേരമേ കളിക്കാന്‍ സാധിച്ചുള്ളൂവെങ്കിലും ഇന്ത്യയുടെ നില പരുങ്ങലിലാണ്. 17-3 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ധവാനേയും രാഹുലിനേയും നായകന്‍ വിരാടിനേയും ഇന്ത്യയ്ക്ക് നഷ്ടമായി. രഹാനെയും പൂജാരെയുമാണ് ക്രീസില്‍.