| Monday, 18th September 2023, 9:10 am

അഗ്രഷൻ ഇല്ല, പകരം കൂൾ ; കോഹ്‌ലിയുടെ വിക്കറ്റ് സെലിബ്രേഷൻ വൈറൽ

സ്പോര്‍ട്സ് ഡെസ്‌ക്

അഗ്രഷൻ ഇല്ല, പകരം കൂൾ ; കോഹ്‌ലിയുടെ വിക്കറ്റ് സെലിബ്രേഷൻ വൈറൽ

ഏഷ്യാ കപ്പ് ഫൈനലിലെ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വ്യത്യസ്തമായ സെലിബ്രേഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോഹ്‌ലിയുടെ സ്ലീപ്പിങ് സെലിബ്രേഷൻ ആണ് ആരാധകർ ഏറ്റെടുത്തത്.

കളിക്കളത്തിൽ ഓരോ വിക്കറ്റുകൾ വീഴുമ്പോഴും അഗ്രസീവ് ആയി ആഘോഷിക്കുന്ന കോഹ്ലിയെയാണ് എപ്പോഴും കാണാൻ കഴിയുക. എന്നാൽ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ വിക്കറ്റ് ലഭിച്ചപ്പോൾ മൈതാനത്തിലെ പുല്ലിൽ കിടന്നുകൊണ്ടായിരുന്നു ഇന്ത്യൻ മുൻ നായകന്റെ സെലിബ്രേഷൻ.

മത്സരത്തിന്റെ 16ാം ഓവറിലാണ് സംഭവം നടന്നത് . ഹർദിക് പാണ്ഡ്യ എറിഞ്ഞ ഓവറിൽ ശ്രീലങ്കൻ ബാറ്റർ പ്രമോദ് മധുഷന്റെ വിക്കറ്റ് വീണപ്പോഴാണ് കോഹ്ലി മൈതാനത്തെ പുല്ലിൽ കണ്ണടച്ചുകൊണ്ട് ശാന്തനായി കിടന്നത്. സ്ലിപ്പിൽ നിന്നും ക്യാച്ച് എടുത്തതിന് ശേഷമാണ് താരം ഈ വ്യത്യസ്ത ആഹ്ലാദപ്രകടനം കാഴ്‌ച്ചവെച്ചത്.

ഏഷ്യാ കപ്പ്‌ ഫൈനലിൽ ശ്രീലങ്കയെ പത്ത്‌ വിക്കറ്റുകൾക്ക് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായി മാറി. കൊളംബോയിലെ ആർ. പ്രേമദാസ്‌ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ടോസ് നേടിയ ലങ്കൻ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ തങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ബൗളിങ്. മത്സരത്തിൽ ശ്രീലങ്ക 15.2 ഓവറിൽ 50 റൺസിന് പുറത്താവുകയായിരുന്നു. വെറും 21 റൺസ് മാത്രം വിട്ടുനൽകി ആറ് വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്.

മൂന്ന് റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹർദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കൻ നിരയിൽ ആർക്കും തന്നെ 20ന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ ഇഷൻ കിഷന്റെയും ശുഭ്മൻ ഗില്ലിന്റെയും മികച്ച ബാറ്റിങ്ങിലൂടെ 6.1 ഓവറിൽ ലക്ഷ്യം മറികടക്കുകയിരുന്നു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്.

Content Highlight: Virat Kohli’s celebration in Asia Cup final goes viral.

We use cookies to give you the best possible experience. Learn more