| Sunday, 24th September 2023, 9:21 pm

ഏകദിനത്തിലെ സകല റെക്കോഡെടുത്ത് നോക്കിയാലും ഇയാള്‍ കാണും; സൂര്യ ഒന്നാമതെത്തിയ ലിസ്റ്റിലുമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു. ടീം ടോട്ടല്‍ 399 എത്തിയ മത്സരത്തില്‍ സൂര്യ 72 റണ്‍സ് നേടിയിരുന്നു.

24 പന്തില്‍ അര്‍ധസെഞ്ച്വറി തികക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നു. ഇതോടെ ഏകദിനത്തില്‍ ഓസീസിനെതിരെ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗത്തിലുള്ള അര്‍ധസെഞ്ച്വറി എന്ന റെക്കോഡ് സ്വന്തമാക്കുകയായിരുന്നു.

27 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് താരം തകര്‍ത്തത്. ഈ ലിസ്റ്റില്‍ മൂന്നാമതുള്ളതും വിരാട് കോഹ്‌ലി തന്നെയാണ്. 31 പന്തിലായിരുന്നു വിരാടിന്റെ ഈ ഫിഫ്റ്റി നേട്ടം. നാലാം സ്ഥാനത്ത് 31 പന്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യയാണ്.

ഇന്ത്യന്‍ ടീമിന്റെ ഏതൊരു റെക്കോഡ് ലിസ്‌റ്റെടുത്താലും അതില്‍ വിരാട് കോഹ്‌ലിയുടെ പേര് കാണാന്‍ സാധിക്കും. ഏകദിനത്തില്‍ താരത്തിന്റെ ഡോമിനെന്‍സ് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള ലിസ്റ്റുകള്‍.

മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ സൂര്യ തന്റെ യഥാര്‍ത്ഥ ഭാവം കാണിക്കുകയായിരുന്നു. തുടക്കത്തില്‍ ഒന്ന് പതറിയ ആദ്യം ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രം നേടിയ താരം പിന്നീട് കത്തിക്കയറുകയായിരുന്നു.

ഒടുവില്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 37 പന്തില്‍ 72 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ആറ് ഫോറും ആറ് കൂറ്റന്‍ സിക്‌സും സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44ാം ഓവറില്‍ ആദ്യ നാല് പന്തില്‍ നാല് സിക്‌സറാണ് സൂര്യ അടിച്ചുക്കൂട്ടിയത്.

ഇന്ത്യക്കായി ഓപ്പണിങ് ബാറ്ററായ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 97 പന്തില്‍ ആറ് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 104 റണ്‍സ് നേടിയപ്പോള്‍ അയ്യര്‍ 90 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറുമടിച്ച് 105 റണ്‍സ് നേടി ടോപ് സ്‌കോററായി.

നായകന്‍ കെ.എല്‍. രാഹുല്‍ 38 പന്തില്‍ മൂന്ന് ഫോറും അത്രയും തന്നെ സിക്‌സറുമടിച്ച് 52 റണ്‍സ് നേടിയിരുന്നു. ഇവരെല്ലാം തകര്‍ത്തടിച്ചിട്ടും ഇന്നത്തെ മത്സരത്തിലെ ഷോ സ്റ്റീലര്‍ സൂര്യകുമാര്‍ യാദവാണ്.

Content Highlight: Virat Kohli Can be seen In Every list of Batting Records in Odi Cricket

Latest Stories

We use cookies to give you the best possible experience. Learn more