ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മൂന്ന് ടെസ്റ്റുകളുള്ള ബെസ്റ്റ് ഓഫ് ത്രീ ആക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ന്യൂസിലാന്‍ഡിനെതിരായ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടെസ്റ്റ് പരമ്പരകളുടെ എല്ലാ ഉള്ളടക്കവും നല്‍കണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടു.
അതേസമയം ന്യൂസിലാന്‍ഡ് എന്തുകൊണ്ടും കിരീടം അര്‍ഹിക്കുന്നതാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് കപ്പ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റ് വിജയം നേടുകയായിരുന്നു. കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്നാണ് കിവികളെ വിജയത്തിലേക്ക് നയിച്ചത്.
89 പന്തില്‍ എട്ടു ബൗണ്ടറികളോടെ 52 റണ്‍സുമായി വില്യംസനും 100 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതം 47 റണ്‍സുമായി ടൈലറും പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലാന്റ് 249 & 140/2.
44 റണ്‍സിനിടെ ഡെവോണ്‍ കോണ്‍വെ (19), ടോം ലാതം (9) എന്നിവര്‍ പുറത്തുപോയിരുന്നു. തുടര്‍ന്നാണ്. വില്യംസണ്‍- ടെയ്ലര്‍ സഖ്യം ഒന്നിക്കുകയും വിജയം വരിക്കുകയും ചെയ്തത്.
നേരത്തെ റിസര്‍വ് ദിനത്തിലെ കളിയില്‍ ഇന്ത്യയുടെ ഇന്നിങ്സ് 170 റണ്‍സിന് അവസാനിച്ചിരുന്നു. 64ന് 2 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 71ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി (29 പന്തില്‍ 13) പുറത്തായി. തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാര (15), അജിന്‍ക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), ഋഷഭ് പന്ത് (41), രവിചന്ദ്രന്‍ അശ്വിന്‍ (7) എന്നിവരും പുറത്താകുകയായിരുന്നു.