| Wednesday, 2nd November 2022, 9:41 pm

അങ്ങനെ സച്ചിനും വിരാടിന് മുമ്പില്‍ വീണു; സാക്ഷാല്‍ ടെന്‍ഡുല്‍ക്കറിനെ പടിയിറക്കി വിട്ട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തിയത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യന്‍ സ്‌കോറിങ്ങിനെ മുന്നില്‍ നിന്നും നയിച്ചത്. 44 പന്തില്‍ നിന്നും 64 റണ്‍സ് നേടിയ കോഹ്‌ലിയും ടൂര്‍ണമെന്റിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്.

ഇവര്‍ക്കൊപ്പം കട്ടക്ക് കൂടെ നിന്ന സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 16 പന്തില്‍ നിന്നും 30 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്താനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം റെക്കോഡാണ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം മഹേല ജയവര്‍ധനെയുടെ റെക്കോഡ് മറികടന്നാണ് വിരാട് ഈ സ്വപ്‌നനേട്ടത്തില്‍ എത്തിച്ചേര്‍ന്നത്.

ജയവര്‍ധനെയെ മാത്രമല്ല, ക്രിക്കറ്റ് ദൈവമെന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ഈ മത്സരത്തിലൂടെ വിരാട് കോഹ്‌ലി മറികടന്നിരുന്നു. ഇന്ത്യക്ക് പുറത്ത്, മറ്റൊരു രാജ്യത്ത് ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന സച്ചിന്റെ റെക്കോഡാണ് വിരാട് തകര്‍ത്തത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ സച്ചിന്‍ നേടിയ 3300 റണ്‍സ് എന്ന നേട്ടമാണ് അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ കോഹ്‌ലി മറികടന്നത്. 3350 റണ്‍സാണ് കോഹ്‌ലി ഓസീസ് മണ്ണില്‍ നിന്നും സ്വന്തമാക്കിയത്.

ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്ത് ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

3350 – വിരാട് കോഹ്‌ലി – ഓസ്‌ട്രേലിയ

3300 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഓസ്‌ട്രേലിയ

2686 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ശ്രീലങ്ക

2645 – രാഹുല്‍ ദ്രാവിഡ് – ഇംഗ്ലണ്ട്

2626 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇംഗ്ലണ്ട്

അതേസമയം, മറ്റൊരു ലാസ്റ്റ് ഓവര്‍ ക്ലൈമാക്‌സിനായിരുന്നു അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. മഴമൂലം സ്‌കോര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ കടുവകളുടെ കൂട്ടക്കുരുതി നടത്തിയാണ് വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തിയത്. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

സിംബാബ്‌വേക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നവംബര്‍ ആറിനാണ് മത്സരം നടക്കുന്നത്.

Content Highlight: Virat Kohli broke Sachin Tendulkar’s another record

We use cookies to give you the best possible experience. Learn more