കളിക്കളത്തിലെ ഷോമാന്‍ഷിപ്പിന്റെ പ്രതീകമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എത്ര മോശപ്പെട്ട അവസ്ഥയിലും ടീമിനേയും ആരാധകരെയും ഉയര്‍ത്തിയെടുക്കാനുള്ള താരത്തിന്റെ കഴിവ് അപാരമാണ്.
തനിക്കു നേരെയും തന്റെ സഹ താരങ്ങള്‍ക്ക് നേരെയും ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ക്കും സ്ലെഡ്ജിംഗുകള്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ കളിക്കളത്തലെ അഹങ്കാരി എന്നൊരു പേരും വിമര്‍ശകര്‍ താരത്തിന് ചാര്‍ത്തി നല്‍കിയിട്ടുണ്ട്.
എന്നാല്‍ തന്റെ ഫോമിനെ കുറിച്ച് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ക്ക് താരം ചെവി കൊടുക്കാറില്ല. പറയുന്നവര്‍ പറയട്ടെ ഞാന്‍ എന്റെ രീതിയില്‍ തന്നെ കളിക്കും എന്ന് മനോഭാവമാണ് കോഹ്‌ലിക്ക്.
എന്നാല്‍, ഇപ്പോഴിതാ തന്റെ ഫോമിനെക്കുറിച്ച് വിമര്‍ശമുന്നയിക്കുന്നവര്‍ക്ക് തക്ക മറുപടിയുമായെത്തിയിരിക്കുകയാണ് വിരാട്.
‘കരിയറില്‍ ആദ്യമായല്ല എന്റെ ഫോമിനെ കുറിച്ചുള്ള വിമര്‍ശങ്ങള്‍ കേള്‍ക്കുന്നത്. ഒരുപാട് തവണ വിമര്‍ശകരുടെ ഭൂതക്കണ്ണാടിയിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. മറ്റുള്ളവര്‍ പറയുന്നതു കേട്ട് എന്നെ വിലയിരുത്താന്‍ ഞാനൊരുക്കമല്ല. മറ്റുള്ളവരുടെ കണ്ണുകൊണ്ട് ഞാന്‍ എന്നെ തന്നെ കാണാറുമില്ല,’ വിരാട് പറയുന്നു.
മറ്റുള്ളവര്‍ നിശ്ചയിക്കുന്നതല്ല തന്റെ സ്റ്റാന്‍ഡേര്‍ഡെന്നും, ടീമിന് വേണ്ടി തന്റെ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് താനെപ്പോഴും ശ്രമിച്ചിരുന്നതെന്നുമാണ് വിരാട് പറയുന്നത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാടായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഏഷ്യന്‍ വന്‍കരയെ എപ്പോഴും കൈവിട്ടിരുന്ന സെഞ്ചൂറിയന്‍ കീഴടക്കിയായിരുന്നു വിരാട് ടീമിന്റെ കുതിപ്പ് തുടര്‍ന്നത്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പരിക്ക് മൂലം വിരാടിന് പുറത്തിരിക്കേണ്ടതായി വന്നിരുന്നു. ഇന്ത്യയെ ഒരിക്കലും കൈവിടാതിരുന്ന ജോഹാനാസ്‌ബെര്‍ഗില്‍ വെച്ചുള്ള മത്സരത്തില്‍ ഏഴ് റണ്‍സെടുത്തിരുന്നെങ്കില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിസിറ്റിംഗ് ബാറ്റര്‍ എന്ന റെക്കോഡും വിരാടിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ട് ഇന്ത്യയെ കൈയൊഴിയുകയായിരുന്നു.