ഐസി.സി ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 93 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ഒരുവശത്ത് ബംഗ്ലാ ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുമ്പോള്‍ ആദ്യ പത്ത് ഓവറിനിടെ തന്നെ ഇന്ത്യക്ക് ചെറിയ തോതില്‍ തിരിച്ചടിയുമേറ്റിരുന്നു. സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യക്കേറ്റ പരിക്കാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയത്.
ഒമ്പതാം ഓവര്‍ പന്തെറിയവെയാണ് ഹര്‍ദിക്കിന്റെ കണങ്കാലിന് പരിക്കേല്‍ക്കുന്നത്. ആ സമയം താരം മൂന്ന് ഡെലിവെറികള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയിട്ടുമുണ്ടായിരുന്നു.
പാണ്ഡ്യക്ക് പരിക്കേറ്റതോടെ വിരാട് കോഹ്‌ലിയാണ് ഒമ്പതാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് വിരാട് വഴങ്ങിയത്.
8.4 – വിരാട് to ലിട്ടണ്‍ ദാസ് – റണ്‍സൊന്നും പിറന്നില്ല
8.5 – വിരാട് to ലിട്ടണ്‍ ദാസ് – വിരാടിന്റെ ഫുള്‍ ലെങ്ത് ഡെലിവെറി കവറിലേക്ക് പായിച്ച് ദാസ് സിംഗിള്‍ നേടി.
8.6 – വിരാട് to തന്‍സിദ് ഹസന്‍- വിരാടിന്റെ മറ്റൊരു ഫുള്‍ ഡെലിവെറി കവറിലേക്ക് കളിച്ച് മറ്റൊരു സിംഗിള്‍ കൂടി.
ആറ് വര്‍ഷത്തിന് ശേഷമാണ് വിരാട് ഏകദിനത്തില്‍ പന്തെറിയുന്നത്. 2017 ഓഗസ്റ്റ് 31ന് ശ്രീലങ്കക്കെതിരെയാണ് വിരാട് പന്തെറിഞ്ഞത്. അന്ന് രണ്ട് ഓവറില്‍ 12 റണ്‍സാണ് വിരാട് വഴങ്ങിയത്. 2015 ലോകകപ്പിന്റെ സെമി ഫൈനലിലും വിരാട് പന്തെറിഞ്ഞിരുന്നു. ഒരു ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.
കളിച്ച 285 മത്സരത്തിലെ 49 ഇന്നിങ്‌സുകളില്‍ വിരാട് ഒരു ഡെലിവെറിയെങ്കിലും എറിഞ്ഞിട്ടുണ്ട്. നാല് വിക്കറ്റാണ് ഏകദിനത്തില്‍ വിരാടിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 161.5 ഓവര്‍ പന്തെറിഞ്ഞ വിരാട് എട്ട് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് തുടരുകയാണ്. നിലവില്‍ 37 ഓവര്‍ പിന്നിടുമ്പോള്‍ 178 റണ്‍സിന് നാല് എന്ന നിലയിലാണ് ബംഗ്ലാദേശ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ തന്‍സിദ് ഹസന്റെയും ലിട്ടണ്‍ ദാസിന്റെയയും ഇന്നിങ്‌സാണ് ബംഗ്ലാ കടുവകള്‍ക്ക് തുണയായത്. ഹസന്‍ 43 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 82 പന്തില്‍ 66 റണ്‍സാണ് ദാസിന്റെ സമ്പാദ്യം.
33 പന്തില്‍ 29 റണ്‍സുമായി മുഷ്ഫിഖര്‍ റഹീമും 34 പന്തില്‍ 16 റണ്‍സുമായി തൗഹിദ് ഹൃദോയിയുമാണ് ക്രീസില്‍.
Content highlight: Virat Kohli bowls after 6 years