ധോണിയെ പുറത്താക്കിയതിന് പിന്നാലെ അതിരുവിട്ട് കോഹ്‌ലി, ആഘോഷം അസഭ്യം പറഞ്ഞ്; പിന്നാലെ വിമര്‍ശനം
IPL
ധോണിയെ പുറത്താക്കിയതിന് പിന്നാലെ അതിരുവിട്ട് കോഹ്‌ലി, ആഘോഷം അസഭ്യം പറഞ്ഞ്; പിന്നാലെ വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th May 2022, 12:51 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നിരിക്കെയായിരുന്നു തല ധോണിയെ തന്നെ തോല്‍പിച്ച് മെന്‍ ഇന്‍ റെഡ് വിജയമാഘോഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സായിരുന്നു നേടിയിരുന്നത്. മഹിപാല്‍ ലോംറോറിന്റെയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിന്റെയും വിരാട് കോഹ്‌ലിയുടേയും ഇന്നിംഗ്‌സിന്റെ ബലത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ലോംറോര്‍ 27 പന്തില്‍ നിന്നും 42 റണ്‍സ് നേടിയപ്പോള്‍ ഡു പ്ലസിസ് 38ഉം വിരാട് 30 റണ്‍സുമായിരുന്നു സ്വന്തമാക്കിയത്.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ ഗെയ്ക്‌വാദും കോണ്‍വേയും ചേര്‍ന്ന് നല്‍കിയത്. 6.4 ഓവറില്‍ 54ല്‍ നില്‍ക്കെയായിരുന്നു ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ചെന്നൈയുടെ നില പരുങ്ങലിലായി.

ഉത്തപ്പയും ജഡേജയും റായിഡുവും പെട്ടന്ന് തന്നെ മടങ്ങിയപ്പോള്‍ മോയിന്‍ അലി മാത്രമായിരുന്നു ചെറുത്ത് നിന്നത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി അലിയും മടങ്ങുകയായിരുന്നു.

ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെയായിരുന്നു ക്യാപ്റ്റന്‍ ധോണി പുറത്താവുന്നത്. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സെടുത്ത് ബൗണ്ടറി ലൈനില്‍ ജോഷ് ഹെയ്‌സല്‍വുഡിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

എന്നാല്‍, ധോണിയുടെ പുറത്താവലിന് ശേഷം വിരാട് കോഹ്‌ലി നടത്തിയ ആഘോഷമായിരുന്നു ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. അഗ്രഷന്റെ അങ്ങേയറ്റം പുറത്തെടുത്താണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

എന്നാല്‍ താരത്തിന്റെ ആഘോഷം അതിരുകടന്നെന്നും, സെലിബ്രേഷന്റെ അവസാനം കോഹ്‌ലി അസഭ്യം പറഞ്ഞിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

കോഹ്‌ലിയുടെ അഗ്രസ്സീവ് സെലിബ്രേഷന്‍ എന്നെന്നും ആഘോഷമാക്കിയ ആരാധകര്‍ക്ക് പോലും ഇതില്‍ ചെറിയ അമര്‍ഷമുണ്ട്.

സംഭവത്തില്‍ ആരാധകര്‍ ഒന്നാകെ വിരാടിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ക്രിക്കറ്റ് മാന്യമായ കളിയാണെന്ന വസ്തുത കോഹ്‌ലി പലപ്പോഴും മറക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്തുതന്നെയായാലും ചെന്നൈയ്‌ക്കെതിരെ 13 റണ്‍സിന് വിജയച്ചിന്റെ ആവേശത്തിലാണ് ആര്‍.സി.ബി ക്യാമ്പ്. വരാനിരിക്കുന്ന മത്സരത്തിലും വിജയിച്ച് പ്ലേ ഓഫില്‍ പ്രവേശിക്കാമെന്നാണ് ബെംഗളൂരു കണക്കുകൂട്ടുന്നത്.

 

Content Highlight:  Virat Kohli blasted for aggressive celebration after MS Dhoni’s dismissal during RCB vs CSK IPL match