ധര്‍മ്മശാല: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വിരാമമായെങ്കിലും കളിക്കളത്തില്‍ ആളിക്കത്തിയ തീ ഇനിയും അടങ്ങിയിട്ടില്ല. താരങ്ങളും മുന്‍ താരങ്ങളും ഓസീസ് മാധ്യമങ്ങളുമെല്ലാം എണ്ണയൊഴിച്ച് ആളിക്കത്തിച്ച ആ തീ ഇന്ത്യയും ഓസീസും തമ്മിലുള്ള ബന്ധത്തെയാണ് കരിച്ചു കളഞ്ഞിരിക്കുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഓസീസ് താരങ്ങള്‍ക്കെതിരെ രൂക്ഷമായ രീതിയിലായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം.
ഓസീസ് താരങ്ങളോടുള്ള സൗഹൃദം എന്നന്നേക്കുമായി അവസാനിച്ചെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം. കളത്തിനു പുറത്ത് ഓസീസ് താരങ്ങളുമായി വളരെ അടുത്ത സൗഹൃദമാണെന്ന വിരാടിന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു ഇന്ത്യന്‍ നായകന്‍ പൊട്ടിത്തെറിച്ചത്.
“ഇല്ല, തീര്‍ച്ചയായും അത് മാറിയിട്ടുണ്ട്. അത്തരത്തിലായിരിക്കും ടീമുകള്‍ തമ്മിലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് മാറി കഴിഞ്ഞു. യുദ്ധകളത്തില്‍ പോരാട്ട വീര്യം പതിവാണെന്നും കളത്തിന് പുറത്തേക്ക് അതില്‍ കാര്യമില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഞാന്‍ പങ്കുവച്ച അഭിപ്രായം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല”. എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.
പരമ്പരയിലുടനീളം ഓസീസ് താരങ്ങളും ഇന്ത്യന്‍ നായകനും ഏറ്റുമുട്ടിയിരുന്നു. കളിക്കളത്തിനുള്ളിലെ സ്വഭാവികമായ വാക്‌പ്പോരെന്നു കരുതിയ ഏറ്റുമുട്ടല്‍ കളത്തിനു പുറത്തേക്കും കടന്ന് പോവുകയായിരുന്നു. കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസീസ് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.
റാഞ്ചി ടെസ്റ്റിനിടെ വിരാടിന്റെ പരുക്കിനെപോലും ഓസീസ് താരങ്ങള്‍ പരിഹസിച്ചു. പിന്നാലെ ഇന്ത്യന്‍ നായകനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ഓസീസ് മാധ്യമങ്ങളും ഇടപെട്ടതോടെ വിവാദം കൊഴുക്കുകയായിരുന്നു. വിവാദങ്ങള്‍ ആദ്യ ദിനം മുതല്‍ പിന്തുടര്‍ന്ന പരമ്പരയില്‍ ജയിക്കാന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറായിരുന്നു ഇരുടീമുകളും.
അതേസമയം, പരമ്പരക്കിടെ തന്റേയും ടീമംഗങ്ങളുടേയും ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെല്ലാം പരസ്യമായി മാപ്പ് ചോദിച്ച് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തിയിരുന്നു. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് ഓസ്ട്രേലിയന്‍ നായകന്‍ മാപ്പ് ചോദിച്ചത്.
പരമ്പരയിലുടനീളം ചില അരുതായ്മകള്‍ സംഭവിച്ചിട്ടുണ്ട്, അവസാന മത്സരത്തില്‍ എന്റെ നിയന്ത്രണം വിട്ടു, എല്ലാത്തിനും മാപ്പ് ചോദിക്കുന്നു, മുരളി വിജയുമായുണ്ടായ സംഭവ വികാസം സൂചിപ്പിച്ച് സ്മിത്ത് പറഞ്ഞു.
ധര്‍മശാല ടെസ്റ്റിന്റെ മുന്നാം ദിനമാണ് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിനെ സ്മിത്ത് തെറി വിളിച്ചത് ക്യാമറയില്‍ കുടുങ്ങിയതോടെ സ്മിത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. നേരത്തെ ഡി.ആര്‍.എസ് സഹായത്തിന് ഡ്രസിങ് റൂം സഹായം തേടിയതും സ്മിത്തിനെ കുഴപ്പത്തില്‍ ചാടിച്ചിരുന്നു.