Advertisement
Sports News
കോഹ്‌ലിയെ ധോണിയേക്കാള്‍ മികച്ചവനാക്കുന്നത് ആ കാര്യമാണ്; വമ്പന്‍ പ്രസ്താവനയുമായി കപില്‍ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 06, 08:18 am
Thursday, 6th March 2025, 1:48 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനി കലാശപ്പോര് മാത്രമാണ് ബാക്കിയുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മാര്‍ച്ച് ഒമ്പതിന് ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ കിവീസ് ജയിച്ചതോടെയാണ് ഫൈനല്‍ ചിത്രം വ്യക്തമായത്.

ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ നാല് വിക്കറ്റിന് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ നേരത്തെ തന്നെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

സെമി ഫൈനലില്‍ തുടക്കം പാളിയ ഇന്ത്യയെ ശ്രേയസ് അയ്യരെയും കെ.എല്‍. രാഹുലിനെയും കൂട്ടുപിടിച്ച് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് കോഹ് ലിയായിരുന്നു. 98 പന്തില്‍ 84 റണ്‍സെടുത്ത ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച കോഹ് ലിയുടെ ഇന്നിങ്‌സിനെ മുന്‍ താരങ്ങളും നീരീക്ഷകരും പ്രശംസിച്ചിരുന്നു.

ഇപ്പോള്‍, ഓസീസിനെതിരെയുള്ള കോഹ് ലിയുടെ പ്രകടനത്തില്‍ പ്രശംസയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയ്ക്ക് ആദ്യ കിരീടം സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവ്. കോഹ് ലിക്ക് ഒരു മത്സരം വിജയിപ്പിക്കാനാവശ്യമായ കഴിവും ക്ലാസ്സുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏകദിന റണ്‍ ചെയ്സുകളില്‍ മഹാന്‍മാരില്‍ മഹാനെന്ന് വിരാടിനെ പ്രശംസിച്ച മുന്‍ താരം എം.എസ്. ധോണിയെക്കാള്‍ ഒരു പടി മുന്നിലാണ് കോഹ് ലിയെന്നും പറഞ്ഞു. ഇന്ത്യ ടുഡേയോട് സംസാരിക്കവേയാണ് കപില്‍ ദേവ് പ്രതികരണം നടത്തിയത്.

‘കോഹ്‌ലിക്ക് ഒരു മത്സരം വിജയിപ്പിക്കാനാവശ്യമായ കഴിവും ക്ലാസ്സുമുണ്ട്. ധോണിയും അങ്ങനെ ചെയ്യുമായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, കോഹ്‌ലി മറ്റുള്ളവരെക്കാള്‍ ഒരു പടി മുന്നിലാണ്

വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സ്വഭാവം കോഹ്‌ലിക്കുണ്ട്. അതില്‍ നിന്നാണ് അവന് വേണ്ട ഊര്‍ജം ലഭിക്കുന്നത്. അങ്ങനെ കളിക്കാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. പക്ഷേ, വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ അത്തരം സ്വഭാവമുള്ളൂ,’ കപില്‍ ദേവ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് വിരാട് പുറത്തെടുക്കുന്നത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ നടത്തിയ പ്രകടനത്തിന് പുറമെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനുമായുള്ള മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു താരം. നാല് മത്സരങ്ങളില്‍ നിന്ന് 217 റണ്‍സെടുത്ത കോഹ് ലി ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്.

content highlights: Virat Kohli better than Dhoni: Kapil Dev