| Sunday, 30th October 2022, 6:26 pm

ഇന്ത്യക്കാരില്‍ ഒന്നാമന്‍, ലോകക്രിക്കറ്റില്‍ രണ്ടാമന്‍; ചരിത്രനേട്ടം സൃഷ്ടിച്ച് കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടവുമായി മുന്‍ നായകന്‍ വിരാട് കോഹ്‌ലി. 2022 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ 12 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഈ തകര്‍പ്പന്‍ നേട്ടം കോഹ്‌ലിയെ തേടിയെത്തിയത്.

ടി-20 ലോകകപ്പില്‍ 1,000 റണ്‍സ് തികക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഇതോടെ കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. പ്രോട്ടീസിനെതിരായ മത്സരത്തില്‍ 12 റണ്‍സ് നേടിയതോടെ 1001 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.

ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ മാത്രമാണ് ഇതിന് മുമ്പ് ടി-20 ലോകകപ്പില്‍ നിന്നും ആയിരം റണ്‍സ് തികച്ചിട്ടുള്ളത്. 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 31 ഇന്നിങ്‌സില്‍ നിന്നുമാണ് മഹേല മില്ലേനിയമടിച്ചത്. 1016 റണ്‍സാണ് ടി-20 ലോകകപ്പില്‍ നിന്നും ജയവര്‍ധനെയുടെ പേരിലുള്ളത്.

ഇനിയുള്ള മത്സരങ്ങളില്‍ നിന്നും കേവലം 16 റണ്‍സ് മാത്രം നേടിയാല്‍ ജയവര്‍ധനെയെ മറികടന്ന് ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും വിരാടിന് സ്വന്തമാക്കാം.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത് നിന്നത്. 40 പന്തില്‍ നിന്നും 68 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്.

സൂര്യകുമാറിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മാത്രമാണ് ഇരട്ടയക്കം കണ്ടത്. 14 പന്തില്‍ നിന്നും 15 റണ്‍സായിരുന്നു രോഹിത് സ്വന്തമാക്കിയത്.

നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും നാല് ഓവറില്‍ ഒരു മെയ്ഡിനടക്കം 15 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍ണെലുമാണ് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്. ആന്‍ റിച്ച് നോര്‍ട്‌ജെ ഒരു വിക്കറ്റും സ്വന്തമാക്കി.

Content highlight: Virat Kohli becomes the first Indian batter to score 1000 runs in T20 world cup

We use cookies to give you the best possible experience. Learn more