ഏത് ഇന്ത്യക്കാരനുണ്ടെടാ ഈ റെക്കോഡ്; എണ്ണം പറഞ്ഞ റെക്കോഡുമായി കിങ് കോഹ്‌ലി
Sports News
ഏത് ഇന്ത്യക്കാരനുണ്ടെടാ ഈ റെക്കോഡ്; എണ്ണം പറഞ്ഞ റെക്കോഡുമായി കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 10:09 pm

ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയില്‍ പിറന്നത് റെക്കോഡുകളുടെ പെരുമഴയാണ്. എണ്ണം പറഞ്ഞ പല റെക്കോഡുകളും പിറന്നെങ്കിലും ആരാധകര്‍ ആഘോഷിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നേടിയെടുത്ത തകര്‍പ്പന്‍ റെക്കോഡാണ്.

ടി-20 ഫോര്‍മാറ്റില്‍ 11,000 റണ്‍സ് തികക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. 354 മത്സരത്തില്‍ നിന്നുമാണ് താരം ഈ അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ 12 വര്‍ഷമായി കളിക്കുന്നുണ്ടെങ്കിലും ടി-20 ഫോര്‍മാറ്റില്‍ കഴിഞ്ഞ മാസം മാത്രം തന്റെ ആദ്യ ടി-20 സെഞ്ച്വറി സ്വന്തമാക്കിയ കോഹ്‌ലിയാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നതാണ് റെക്കോഡിന് മധുരം ഇരട്ടിയാക്കുന്നത്.

ഇക്കാലയളവില്‍ നിരവധി ടി-20 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ വന്നുപോയെങ്കിലും വിരാടിനേക്കാള്‍ കൂടുതല്‍ ടി-20 മത്സരം പല താരങ്ങളും കളിച്ചിട്ടുണ്ടെങ്കിലും ഈ നാഴികക്കല്ല് താണ്ടാന്‍ ഇതുവരെ ഒരാള്‍ക്കുമായിരുന്നില്ല.

ഇതിന് പുറമെ തന്റെ നിസ്വാര്‍ത്ഥതയും താരം കളിക്കളത്തില്‍ പ്രകടമാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കവെ സ്‌ട്രൈക്ക് നിഷേധിച്ച് ദിനേഷ് കാര്‍ത്തിക്കിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഒടുവില്‍ 20 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 237 റണ്‍സെടുത്തപ്പോള്‍ പിച്ചിന്റെ ഒരറ്റത്ത് വിരാട് 28 പന്തില്‍ നിന്നും 49 റണ്‍സുമായി പുറത്താകാതെ നിന്നു.

കെ.എല്‍. രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. രാഹുല്‍ 28 പന്തില്‍ നിന്നും 57 റണ്ണടിച്ചപ്പോള്‍ സൂര്യകുമാര്‍ 22 പന്തില്‍ നിന്നും 61 റണ്‍സ് സ്വന്തമാക്കി.

ഇതിന് പുറമെ നായകന്‍ രോഹിത് ശര്‍മ 37 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയപ്പോള്‍ ഫിനിഷറുടെ റോള്‍ ഗംഭീരമാക്കിയ ദിനേഷ് കാര്‍ത്തിക് ഏഴ് പന്തില്‍ നിന്നും 17 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവര്‍ പന്തെറിഞ്ഞ മഹാരാജ് 23 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിന് സ്‌കോര്‍ ബോര്‍ഡില്‍ അമ്പത് റണ്‍സ് ചേര്‍ക്കും മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടമായി. നിലവില്‍ ഏഴ് ഓവറില്‍ 49ന് മൂന്ന് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. അര്‍ഷ്ദീപ് രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

 

 

Content Highlight:  Virat Kohli becomes the first Indian batter to complete 11,000 T20 I runs