| Wednesday, 15th November 2023, 4:30 pm

അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഐതിഹാസിക നേട്ടത്തില്‍; ചരിത്രത്തിലെ ആദ്യ ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും അപരാജിത അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 71 റണ്‍സാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ടോട്ടലിലേക്ക് സംഭാവന ചെയ്തത്. രോഹിത് ശര്‍മയെ പുറത്താക്കി ടിം സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

വണ്‍ ഡൗണായി വിരാട് കോഹ്‌ലിയാണ് കളത്തിലിറങ്ങിയത്. സെമി ഫൈനലില്‍ കാലിടറുന്നവനെന്ന ചീത്തപ്പേര് കഴുകിക്കളഞ്ഞ വിരാട് വാംഖഡെയില്‍ തകര്‍ത്തടിച്ചു. ഗില്ലിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് വിരാട് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇരുവരും ഇന്ത്യന്‍ നിരയില്‍ കരുത്തായത്.

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട് കോഹ്‌ലിയെ തേടിയെത്തിയിരിക്കുകയാണ്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ആറ് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറി നേട്ടവുമാണ് വിരാടിന്റെ പേരിലുള്ളത്.

ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളോട് ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ധ സെഞ്ച്വറിയും ബംഗ്ലാദേശിനോടും സൗത്ത് ആഫ്രിക്കയോടും സെഞ്ച്വറിയും നേടിയ വിരാട് സെമിയില്‍ കിവികള്‍ക്കെതിരെ മറ്റൊരു അര്‍ധ സെഞ്ച്വറി കൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

അതേസമയം, 31 ഓവര്‍ പിന്നിടുമ്പോള്‍ 221 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 74 പന്തില്‍ 70 റണ്‍സുമായി വിരാട് കോഹ്‌ലിയും 18 പന്തില്‍ 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

65 പന്തില്‍ 79 റണ്‍സുമായി നില്‍ക്കവെ പരിക്കേറ്റ ഗില്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് അയ്യര്‍ കളത്തിലിറങ്ങിയത്.

Content highlight: Virat Kohli becomes the first ever batter to complete 8 50+ score in a world cup

We use cookies to give you the best possible experience. Learn more